കോഴിക്കോട്: മലബാറിന്റെ സ്വപ്‌നപദ്ധതിയായ സാമൂതിരിസ് ടവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. നാളെ കോഴിക്കോടുവെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ഒന്നരവര്‍ഷം മുമ്പാണ് ജില്ലാ കലക്ടര്‍ പി.ബി സലീമിന്റെ നേതൃത്വത്തില്‍ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചത്.

മാനാഞ്ചിറയ്ക്ക് സമീപമുള്ള പഴയ ആര്‍.ഡി.ഒ ഓഫീസ് കോംപ്ലക്‌സിലെ 2.7 ഏക്കര്‍ സ്ഥലത്താണ് 62 മീറ്റര്‍ ഉയരമുള്ള ടവര്‍ പണിയുന്നത്. ഗോപുരത്തെ ചുറ്റി കുഞ്ഞാലിമരയ്ക്കാര്‍ ഗാര്‍ഡനും പദ്ധതിയിലുണ്ട്. ഗോപുരത്തിന്റെ മുകളില്‍ ഏകദേശം 100 ഓളം പേര്‍ക്ക് കടപ്പുറമടക്കം നഗരദൃശ്യം സാധ്യമാകും. ഗോപുരത്തിനുചുറ്റുമുള്ള കുഞ്ഞാലിമരയ്ക്കാര്‍ ഗാര്‍ഡനുമായി മാനാഞ്ചിറ മൈതാനത്തെ ബന്ധിപ്പിക്കുന്ന അണ്ടര്‍ ബ്രിഡ്ജും താഴ്ഭാഗത്തായി മ്യൂസിയവും പണിയും.

ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ബുക് ഡിപ്പോയും സ്‌കൂളും സ്ഥലം മാറ്റിയാണ് ഗോപുരം നിര്‍മ്മിക്കുക. ടൂറിസം വകുപ്പുമായി സഹകരിച്ച് പൊതു,സ്വകാര്യ സംരംഭമായി ഗോപുരം പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഏകദേശം 750 വര്‍ഷക്കാലം കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ ഭരിച്ചിരുന്ന ഭരണാധികാരികളാണ് സാമൂതിരിമാര്‍. കുന്നലക്കോനാതിരി എന്നും അറിയപ്പെടുന്നും അറിയപ്പെടുന്ന ഇവരുടെ സാമ്രാജ്യം നെടിയിരുപ്പു സ്വരൂപമാണ്. ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാര്‍.