ummenchandiകാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസനടപടികളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാസര്‍കോട്ടെത്തി. ദുരിതബാധിതര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യുന്നതിനും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും നാലു മന്ത്രിമാരും കാസര്‍കോട്ടെത്തിയത്.

കാസര്‍കോട്ട് ദുരിതബാധിതസമിതിയുമായി നടത്തുന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസ ധനസഹായവും കുടുംബങ്ങള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്യും. ധനസഹായം ഏറ്റവും കുറഞ്ഞത് അഞ്ചുലക്ഷവും പരമാവധി 10 ലക്ഷവുമാക്കി ഉയര്‍ത്തണമെന്ന ആവശ്യം സമിതി യോഗത്തില്‍ ഉന്നയിക്കും. കൂടാതെ ദുരിതബാധിതര്‍ക്കായി പുനരധിവാസപാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിക്കും.

സമിതിയുമായുള്ള യോഗത്തിനു ശേഷം ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദുരിതബാധിത പഞ്ചായത്തിലെ അധികൃതരും പങ്കെടുക്കും. പ്രസ്തുതയോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ധനസഹായത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും.

ഒന്നുമുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം. ഒന്നുമുതല്‍ ഏഴുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയും എട്ടുമുതല്‍ പത്തുവരെയുള്ളവര്‍ക്ക് 2000 രൂപയും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് 2500 രൂപയുമായിരിക്കും വിതരണം ചെയ്യുക.

തുടര്‍ന്ന് ദുരിതബാധിതകുടുംബങ്ങള്‍ക്ക് ധനസഹായത്തിനുള്ള നടപടികള്‍ ആരംഭിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 50000 രൂപ തോതില്‍ ധനസഹായം ലഭിച്ച 178 കുടുംബങ്ങള്‍ക്ക് ബാക്കി 50000 രൂപ ഇന്ന് വിതരണം ചെയ്യും. ബാക്കിയുള്ള ദുരിതബാധിതകുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായവും വിതരണം ചെയ്യും.

യോഗത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും.