മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അത് പുറത്ത് വിടും. മുസ്‌ലിം ലീഗ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് പാര്‍ട്ടി ആലോചിച്ച് വരികയാണ്. പാര്‍ട്ടിക്കെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയുമുള്ള നീക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വ്യക്തമായ പങ്കുണ്ട്.

മുനീറിന്റെ അറിവോടുകൂടിയാണ് ഇന്ത്യാവിഷനില്‍ വാര്‍ത്ത പുറത്ത് വന്നതെന്ന് പാര്‍ട്ടി വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ ഇ.ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസത്തെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ അറിവോടെ എന്നത് വാര്‍ത്ത വരുന്നത് തടാന്‍ കഴിഞ്ഞില്ല എന്നാണെന്നും അതിന് മറ്റൊരു അര്‍ഥം കൊടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാവിഷന്‍ ഇക്കാര്യത്തില്‍ മോശമായാണ് പ്രവര്‍ത്തിച്ചത്. പത്രത്തിന്റെ ഘാര്‍മ്മികത വരെ അവര്‍ കൈവിട്ടു. എന്നാല്‍ ഇതില്‍ ലീഗ് നേതാക്കന്‍മാരെ ഇന്‍വോള്‍വ് ചെയ്യിക്കേണ്ടതില്ല.

നിലവിലെ സാഹചര്യങ്ങള്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നിഗൂഢമായ ശ്രമങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. ഇ അഹമ്മദ് നാളെ എത്തിയ ശേഷം വീണ്ടും പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലപാട് വ്യക്തമാക്കാന്‍ നാളെ വരെ കാത്തിരിക്കാന്‍ പാണക്കാട് തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് എം.കെ മുനീര്‍ വ്യക്തമാക്കി. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ അഹമ്മദ് നാളെ എത്തുന്നുണ്ട്. അതിന് ശേഷം പുതിയ സാഹചര്യങ്ങളെക്കുറിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീം: മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി

ഐസ്ക്രീം കേസ്, നിര്‍ണ്ണായക രേഖകള്‍ ഡൂള്‍ന്യൂസിന്