എഡിറ്റര്‍
എഡിറ്റര്‍
കര്‍ണ്ണാടക വഖഫ് അഴിമതി റിപ്പോര്‍ട്ടില്‍ സി.എം. ഇബ്രാഹിമിന്റെ പേര്; മാനനഷ്ടക്കേസ് നല്‍കുമെന്ന് മുന്‍മന്ത്രി
എഡിറ്റര്‍
Wednesday 28th March 2012 12:39pm

ബംഗളൂരു: കര്‍ണാടക വഖഫ്‌ബോര്‍ഡില്‍ വന്‍ ഭൂമി കുംഭകോണം നടന്നതായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്. വഖഫ് ഭൂമി ദുരുപയോഗം ചെയ്യുകയും കയ്യേറുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ അവരുടെ പേരും എടുത്ത് പറയുന്നുണ്ട്.

റിപ്പോര്‍ട്ടില്‍ മുന്‍ കേന്ദ്ര വ്യോമയാന മന്ത്രിയും കര്‍ണ്ണാടകയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ സി.എം ഇബ്രാഹീമിന്റെ പേരുമുണ്ട്. റിപ്പോര്‍ട്ടില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ കോടതിയില്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് സി.എം ഇബ്രാഹിം അറിയിച്ചിട്ടുണ്ട്.

വഖഫ്‌ബോര്‍ഡിന്റെ കിഴിലുള്ള ഭൂമിയും സ്വത്തും അന്യാധീനപ്പെട്ടതുവഴി രണ്ട് ലക്ഷം കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍മാണിപ്പാടി മുഖ്യമന്ത്രി ഡി.വി സദാനന്ദഗൗഡയ്ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് സി.എം ഇബ്രാഹിമടക്കം 38 പേര്‍ കുറ്റക്കാരാണെന്ന് പരാമര്‍ശിക്കുന്നത്.

കഴിഞ്ഞ നാല്‍പ്പത് പതിറ്റാണ്ട് കാലമായി താന്‍ കര്‍ണാടകയിലെ സജീവരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും വഖഫ്‌ബോര്‍ഡുമായി തനിക്ക് യാതൊരുബന്ധവുമില്ലെന്നും ഇബ്രാഹീം പറഞ്ഞു. മന്ത്രമാരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഒന്നൊന്നായി അഴിമതിക്കേസില്‍പ്പെട്ട് ജയിലിലേക്ക് പോകുകയാണ്. മുഖ്യമന്ത്രി സദാനന്ദഗൗഡ പ്രതിനിധികരിച്ച ഉഡുപ്പിചിക്കമാംഗ്ലൂര്‍ ലോകസഭാമണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതില്‍ സമനില തെറ്റിയ ബി.ജെ.പി നേതൃത്വം സ്വന്തം നാണക്കേട് മറക്കാനാണ് അഴിമതിയുമായി രംഗത്തെത്തിയതെന്നും ഇബ്രാഹീം പറഞ്ഞു.

അന്വേഷണ കമ്മീഷന്റെ കുറ്റപത്രത്തില്‍ സി.എം ഇബ്രാഹിമിന് പുറമെ കാസര്‍കോട് കീഴൂര്‍ സ്വദേശിയും കര്‍ണാടക നിയമസഭാംഗവുമായ എന്‍.എ. ഹാരിസിനെതിരെയും പരാമര്‍ശമുണ്ട്. വഖഫ്‌ബോര്‍ഡ് കുംഭകോണത്തെ ചൊല്ലി ചൊവ്വാഴ്ച കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസും ഭരണകക്ഷിയായ ബി.ജെ.പയും തമ്മില്‍ കടുത്ത വാഗ്വാദം നടന്നു. മാണിപ്പാടി കമ്മീഷന്‍ റിപോര്‍ട്ട് മേശപ്പുറത്ത് വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി. ഇതേ തുടര്‍ന്ന് അന്വേഷണ റിപോര്‍ട്ട് ബുധനാഴ്ച സഭയുടെ മേശപ്പുറത്ത് വെക്കാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതിന്‍മേല്‍ ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് പിന്നീട് നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement