കെന്റ്: മുലപ്പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജനിതകമാറ്റം വരുത്തിയ പശുവിനെ വികസിപ്പിക്കുന്നതില്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ വിജയിച്ചതായി റിപ്പോര്‍ട്ട്. സണ്‍ഡേ ടെലിഗ്രാഫാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഡയറി ഫാമുകളില്‍ വളര്‍ത്തുന്ന പശുക്കളില്‍ മനുഷ്യന്റെ ജീന്‍ ഘടിപ്പിച്ചാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. തുടര്‍ന്ന് മനുഷ്യന്റെ മുലപ്പാലിനോട് സമാനമായ പാല്‍ ചുരത്താന്‍ പരീക്ഷണവിധേയമാക്കിയ പശുക്കള്‍ക്ക് കഴിയുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഏതാണ്ട് 300 ഓളം പശുക്കള്‍ക്കാണ് മുല്‍പ്പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതായി കണ്ടെത്തിയിരിക്കുന്നത്.

മുലപ്പാലിന്റെ എല്ലാ ഗുണങ്ങളും ഇത്തരം പശുവിന്‍ പാലിലും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. കുട്ടികള്‍ക്ക് ഇത്തരം പാല്‍നല്‍കാമെന്നും അവര്‍ പറയുന്നു. ക്ലോണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മനുഷ്യന്റെ ജീന്‍ പശുക്കളിലേക്ക് ഘടിപ്പിച്ചത്.

തുടര്‍ന്ന് ജനിതകമാറ്റം വരുത്തിയ ഭ്രൂണം പരീക്ഷണവിധേയരായ പശുക്കളിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാല്‍ ജനിതകവിദ്യയെ എതിര്‍ക്കുന്നവര്‍ പുതിയ കണ്ടുപിടിത്തത്തിനെതിരേയും രംഗത്തെത്തിയേക്കാമെന്നും സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പശുക്കളുടെ പാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങാനാകുമെന്ന് ഗവേഷകനായ നിംഗ് ലി പറഞ്ഞു.