തിരുവനന്തപ്പുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി വിധി കേരളത്തിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ഒട്ടുമിക്ക ആവശ്യങ്ങളും സുപ്രീംകോടതി ന്യായീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് ഉന്നതാധികാര സമിതിക്ക് നാളെ അപേക്ഷ നല്‍കുമെന്ന് മന്ത്രി പി.ജെ ജോസഫ് വ്യക്തമാക്കി. ജലനിരപ്പ് 120 അടിയാക്കി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി, ഉന്നതാധികാര സമിതിക്ക് മുന്‍പാകെ ആവശ്യങ്ങള്‍ അവതരിപ്പിക്കാന്‍ കേരളത്തോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പി.ജെ ജോസഫിന്റെ പ്രതികരണം.

കേരളത്തിന്റെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അടിയന്തരമായി നടപടി വേണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെടുമെന്ന് ജോസഫ് വ്യക്തമാക്കി.

അതേസമയം, ജലനിരപ്പ് കുറക്കണമെന്ന് കേരളത്തിന്റെ അപേക്ഷ തള്ളിയ സുപ്രീംകോടതി വിധിയില്‍ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ആഘോഷം. ഗൂഡല്ലൂര്‍, കമ്പം, തേനി, മേഖലകളില്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നിരവധി പേര്‍ തെരുവിലിറങ്ങി.

Malayalam News
Kerala News in English