എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ കൃത്രിമ മഴ പെയ്യില്ല; എതിര്‍പ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
എഡിറ്റര്‍
Tuesday 14th March 2017 1:45pm

തിരുവനന്തപുരം : രൂക്ഷമായ വരള്‍ച്ചയും ജലക്ഷാമവും നേരിടുന്നതിന്റെ ഭാഗമായി കേരളത്തില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാനാകാത്തത്. നിലവിലുള്ള സാങ്കേതിക വിദ്യകള്‍ പദ്ധതി നടപ്പാക്കുന്നതിന് അപര്യാപ്തമാണെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

എന്നാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് എതിര്‍ത്തതോടെ പദ്ധതി ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളം ആവശ്യപ്പെടുന്നതിന് മുന്‍പുതന്നെ തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൃത്രിമ മഴക്കുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് പദ്ധതിയെ എതിര്‍ത്തുകൊണ്ട് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കേരളത്തില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകള്‍ ആരായുമെന്ന് നിയമസഭയില്‍ വ്യക്തമാക്കിയത്. വരള്‍ച്ചയും ജലക്ഷാമവും പരിഹരിക്കാന്‍ എത്രപണം വേണമെങ്കിലും ചിലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ വേനല്‍ക്കാലത്തു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിച്ച വാട്ടര്‍ കിയോസ്‌ക് പദ്ധതി വ്യാപിപ്പിക്കാന്‍ കഴിഞ്ഞ നവംബറില്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ ഉറപ്പിച്ചതു കഴിഞ്ഞ മാസമാണ്.

ഓരോ ജില്ലയിലും കിയോസ്‌ക് വാങ്ങി ജലവിതരണം നടത്താന്‍ കലക്ടര്‍മാരെയാണു ചുമതലപ്പെടുത്തിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 11000 വാട്ടര്‍ കിയോസ്‌കുകളില്‍ ഇതുവരെ സ്ഥാപിക്കാനായത് 1000ത്തില്‍ താഴെ മാത്രമാണ്.

ഇതുവരെ 950 കിയോസ്‌കുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. ഇതില്‍ 766 എണ്ണവും കഴിഞ്ഞവര്‍ഷം വാങ്ങിയവയാണ്. കിയോസ്‌കിനു ടാങ്കുകള്‍ വിതരണം ചെയ്യാന്‍ രണ്ടു കമ്പനികളെയാണു ചുമതലപ്പെടുത്തിയിരുന്നത്.

കലക്ടര്‍മാര്‍ ഓര്‍ഡര്‍ നല്‍കിയാല്‍ 10 ദിവസത്തിനകം ടാങ്കുകള്‍ സ്ഥാപിക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍ പല ജില്ലകളിലും ഇതുവരെ ടാങ്കുകള്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയിട്ടില്ല.

Advertisement