എഡിറ്റര്‍
എഡിറ്റര്‍
ഇത് വെറും സാംമ്പിള്‍; വരാനിരിക്കുന്നത് പൊള്ളുന്ന നാളുകള്‍
എഡിറ്റര്‍
Thursday 2nd March 2017 5:17pm

 

‘ഇനിയൊരു ലോകമഹായുദ്ധമുണ്ടെങ്കില്‍ അത് ശുദ്ധജലത്തിനുവേണ്ടിയായിരിക്കും.’ വര്‍ഷങ്ങള്‍ക്കു മുമ്പേ കുറിക്കപ്പെട്ട വാക്കുകളാണിത്. ജലത്തിന്റെ ലഭ്യതയും മനുഷ്യന്റെ ഉപയോഗവും തമ്മിലുള്ള വൈരുദ്ധ്യം വരാനുള്ള നല്ല നാളുകള്‍ക്ക് ഭീഷണിയാകുമെന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഈ വാക്കുകള്‍. കാലാവസ്ഥ കേന്ദ്രങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ പറയുന്നത് കടുത്ത വരള്‍ച്ചയാകും ഈ വേനലില്‍ നമ്മെ കാത്തിരിക്കുന്നത് എന്നാണ്.


Also read മോദിയുടെയും അമിത് ഷായുടെയും ഭൂതകാലം നോക്കുമ്പോള്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന സംശയം ബലപ്പെടുന്നു: മുന്‍ ഹൈക്കോടതി ജഡ്ജി


മുന്നറിയിപ്പുകളെ സാധൂകരിക്കും വിധം വേനല്‍ ആരംഭിക്കുമ്പോഴേക്കും തന്നെ കേരളത്തിലെ മിക്ക ജില്ലകളും വരള്‍ച്ച നേരിട്ടു തുടങ്ങിയിരിക്കുകയാണ്. 44 നദികളും കടല്‍ത്തീരവും നിരവധി കായലുകളും ഉള്ള സംസ്ഥാനത്തിന്റെയും വരും നാളുകള്‍ വറുതിയിലേക്കാവും എന്നതിന്റെ സൂചനകള്‍ തന്നെയാണ് വേനലിനൊപ്പമെത്തിയ വരള്‍ച്ചയും നല്‍കുന്നത്.

 

15 വര്‍ഷം കൊണ്ട് ലോകത്തെ ജലലഭ്യതയില്‍ 40 ശതമാനം കുറവുണ്ടാകുമെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പുറത്തിറങ്ങി രണ്ട് വര്‍ഷം തികയുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കങ്ങള്‍ എത്രമാത്രം കൃത്യതയുള്ളതാണെന്നാണ് കാലാവസ്ഥ വ്യതിയാനം തെളിയിക്കുന്നത്. ലോകത്താകമാനം ഉണ്ടായ കാലാവസ്ഥ വ്യതിയാനങ്ങള്‍ വൈകാതെ ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടം നല്‍കുന്നുമില്ല.

നിലവിലെ ജലത്തിന്റെ ഉപയോഗ രീതി ഇത് പോലെ തുടരുകയാണെങ്കില്‍ 2030ഓടെ ഇപ്പോഴുള്ളതിന്റെ 60 ശതമാനം മാത്രം ജലമേ അവശേഷിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇത്തവണയുണ്ടായ കാലാവസ്ഥാ വ്യതിയാനം നല്‍കുന്ന സൂചന വരും കാലങ്ങളില്‍ ജല ലഭ്യതക്കായി കേരളവും നെട്ടോട്ടമോടേണ്ടി വരും എന്നു തന്നയാണ്.

 

 

കഴിഞ്ഞ ദിവസം ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) നല്‍കിയ മുന്നറിയിപ്പനുസരിച്ച് ഇത്തവണ കടുത്ത വേനല്‍ക്കാലമാകും രാജ്യം അഭിമുഖീകരിക്കുക. മാര്‍ച്ച്- മേയ് കാലയളവില്‍ രാജ്യത്തെ ശരാശരിയേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂടാകും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.


Dont miss തെലങ്കാന സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ കോളേജില്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മാത്രം അഡ്മിഷന്‍; നോട്ടിഫിക്കേഷന്‍ വിവാദമാകുന്നു


ഇത്തവണ കേരളത്തില്‍ മഴയുടെ ലഭ്യതയിലുണ്ടായ കുറവ് കഴിഞ്ഞ ഒരു ദശകത്തിലുണ്ടായതിനേക്കാള്‍ വളരെയധികമാണ്. ഇന്ത്യയുടെ പലഭാഗങ്ങളിലും ഇത്തവണ ആവശ്യത്തിന് മഴ ലഭിച്ചിരുന്നെങ്കിലും തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിലുണ്ടായ കുറവ് സംസ്ഥാനത്തിനെ വരള്‍ച്ചയിലേക്ക് നയിക്കുകയായിരുന്നു. ഇത്തവണ സംസ്ഥാനത്ത് 34ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്.

 

 

ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് 59 ശതമാനം കുറവാണ് ഇവിടെ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ 44 ശതമാനവും മലപ്പുറത്ത് 39 ശതമാനവും പത്തനംതിട്ടയില്‍ 36 ശതമാനവും കുറവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മഴയുടെ ലഭ്യത വരള്‍ച്ചയെ കാര്യമായി ബാധിക്കുമെന്നതിനാല്‍ തന്നെ സര്‍ക്കാര്‍ എല്ലാ ജില്ലകളെയും വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് ജലോപയോഗം ക്രമപ്പെടുത്തുന്നതിനും ജലസംരക്ഷണത്തിനും വരള്‍ച്ച നേരിടുന്നതിനുമായി മുന്‍കരുതലുകള്‍ ആരംഭിച്ചിരുന്നു.

ഇതില്‍ സര്‍ക്കാര്‍ കൈക്കൊണ്ട പ്രധാന തീരുമാനമായിരുന്നു കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം. ഭൂഗര്‍ഭ ജലസ്രോതസ്സുകളില്‍ പലതും ഇപ്പോള്‍ തന്നെ വളരെയധികം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമാതീതമായി നിര്‍മ്മിക്കുന്ന കുഴല്‍കിണറുകര്‍ ഉപരി തലത്തിലെ ജലത്തിന്റെ അളവിനെയും കാര്യമായി തന്നെ ബാധിക്കും.

 

എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ കൊണ്ട് മാത്രം മറികടക്കാനാവുന്നതല്ല വരള്‍ച്ച. ഒരു വേനല്‍ക്കാലത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികളല്ല ആവിഷ്‌കരിക്കേണ്ടതും. പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കാലാവസ്ഥാ വ്യതിയാനത്തെ ബാധിക്കുന്ന പ്രധാന ഘടകം എന്നകാര്യത്തില്‍ രണ്ടഭിപ്രായത്തിന് ഇടയില്ല. കേരളത്തില്‍ ഉള്‍പ്പെടെ വേനല്‍ക്കാലത്തും ജലം ലഭ്യമായിരുന്ന കുളങ്ങളും മറ്റു സ്രോതസ്സുകളും വറ്റിവളരുന്നതിലേക്ക് ഗ്രാമങ്ങളെ എത്തിച്ചതില്‍ പ്രകൃതിയ മറന്നുള്ള ജീവിതരീതി തന്നെയാണെന്നും നിസംശയം പറയാം.

 

ജലത്തിന്റെ ലഭ്യതക്കനുസരിച്ച് ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയുള്ള ജീവിതത്തിന് നാം തയ്യാറായില്ലെങ്കില്‍ ഈയൊരു വേനല്‍ക്കാലത്ത് മാത്രമാകില്ല വരള്‍ച്ചയെ നാം നേരിടേണ്ടി വരിക. മുന്‍തലമുറയില്‍ നിന്ന് കടം കൊണ്ട് ഉപയോഗിക്കുന്ന പലതും നാളത്തെ തലമുറയ്ക്കും അവകാശപ്പെട്ടതാണെന്ന ബോധ്യത്തില്‍ നാം ജീവിക്കേണ്ടിയിരിക്കുന്നു. ജലസ്രോതസ്സുകള്‍ക്കും പരിസ്ഥിതിക്കും കോട്ടം തട്ടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും. മറിച്ചാണെങ്കില്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ക്ക് പോലും അല്‍പ്പായുസ്സ് മാത്രമായിരിക്കും

Advertisement