ബ്രസല്‍സ്:  നാല് മാസത്തെ ഇടവേളയ്ക്ക്‌ശേഷം ആസ്‌ത്രേലിയന്‍ ഓപ്പന്‍ ചാമ്പ്യന്‍ കിം ക്ലൈസ്റ്റേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവ്. ലോക ഒന്നാം നമ്പര്‍ താരം കരോലിന്‍ വോസ്‌നിയാക്കിയെ പരാജയപ്പെടുത്തിയാണ് ക്ലൈസ്റ്റേഴ്‌സ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. സ്‌കോര്‍ 6-2, 7-6. പ്രദര്‍ശന മത്സരമായിരുന്നെങ്കിലും ക്ലൈസ്റ്റേഴ്‌സിന്റെ പെര്‍ഫോമെന്‍സ് ആരാധകരെ ആവേശത്തിലാക്കി.

ആന്റവേര്‍പ് സ്‌പോര്‍ട്‌സ് പാലസില്‍ നടന്ന മത്സരത്തില്‍ 10,000 ആരാധകര്‍ക്കു മുന്നില്‍ താന്‍ പൂര്‍ണമായി പരുക്കില്‍ നിന്നും മുക്തയായെന്ന് ക്ലൈസ്റ്റേഴ്‌സ് കാണിച്ചുകൊടുത്തു. ഉദരത്തിലെ മസിലുകള്‍ക്കുണ്ടായ പരുക്കിനെ തുടര്‍ന്ന് ആഗസ്റ്റിലെ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ക്ലൈസ്റ്റേഴ്‌സ് നിര്‍ബന്ധിതയാവുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ക്ലൈസ്റ്റേഴ്‌സ് ആസ്‌ത്രേലിയയിലേക്ക് തിരിക്കും. അടുത്തമാസം നടക്കുന്ന ഓസ്‌ത്രേലിയന്‍ ഓപ്പണില്‍ തന്റെ കിരീടം കാത്തുസൂക്ഷിക്കാനുള്ള നീക്കമായിരിക്കും പിന്നീട്.

ആസ്‌ത്രേലിയന്‍ ഓപ്പണിന് മുമ്പ് നടക്കുന്ന ബിസ്ബണ്‍ ഇന്റര്‍നാഷണലില്‍ പങ്കെടുക്കാനും ക്ലൈസ്റ്റേഴ്‌സിന് പദ്ധതിയുണ്ട്. ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ലക്ഷ്യമിട്ടാവും തന്റെ ഇനിയുള്ള മത്സരങ്ങളെന്നും ക്ലൈസ്റ്റേഴ്‌സ് പറഞ്ഞു.

Malayalam news