ന്യൂയോര്‍ക്ക്: ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചലച്ചിത്രനടന്‍ ക്ലിഫ് റോബര്‍ട്‌സണ്‍ (88) നിര്യാതനായി. ‘ചാര്‍ളി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇദ്ദേഹത്തിന് 1968ല്‍ ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. അറുപതു വര്‍ഷത്തിലേറെ നീണ്ട അഭിനയജീവിതത്തില്‍ അദ്ദേഹം അവതരിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

1955ല്‍ പിക്‌നിക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. സിനിമാ രംഗത്തെത്തുന്നതിനു മുമ്പ് തന്നെ ടെലിവിഷന്‍ നാടകങ്ങളിലൂടെ പ്രശസ്തനായിരുന്നു.

കൊളംബിയ സ്റ്റുയോസ് തലവന്‍ ഡേവിഡ് ബെഗല്‍മാന്‍ തന്റെ ഒപ്പു വ്യാജമായി ഇട്ട് 10,000 ഡോളര്‍ തട്ടിച്ച സംഭവം 1970കളുടെ ഒടുവില്‍ റോബര്‍ട്‌സണ്‍ പുറത്തുകൊണ്ടുവന്നത് വന്‍ വിവാദമായിരുന്നു. ഈ വിവാദം ഹോളിവുഡ്‌ഗേറ്റ് എന്ന പേരില്‍ അറിയപ്പെട്ടു.

തെരുവുനാടകങ്ങളില്‍ പോലും അഭിനയിച്ചു തുടങ്ങിയതാണ് റോബര്‍ട്‌സണിന്റെ അഭിനയ ജീവിതം. തുടര്‍ന്ന് ടിവിയിലൂടെ സിനിമയില്‍ എത്തുകയായിരുന്നു. ദ് ഗെയിം എന്ന ടിവി പരിപാടിയിലൂടെ എമ്മി പുരസ്‌കാരവും ലഭിച്ചു. 2007ല്‍ പുറത്തുവന്ന ‘സ്‌പൈഡര്‍ മാന്‍- ആയിരുന്നു അവസാന ചിത്രം.