എഡിറ്റര്‍
എഡിറ്റര്‍
വിം കോവര്‍മാന്‍സ് ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായേക്കും
എഡിറ്റര്‍
Wednesday 23rd May 2012 10:00am

ന്യൂദല്‍ഹി: മുന്‍ ഹോളണ്ട് താരം വിം കോവര്‍മാന്‍സ് ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ ചാലഞ്ച് കപ്പിലെ ദയനീയ പ്രകടനത്തെത്തുടര്‍ന്ന് ഗോവക്കാരനായ സാവിയൊ മെഡീര പുറത്തായതോടെയാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ കോച്ചിനായുള്ള അന്വേഷണം തുടങ്ങിയത്.

യൂറോപ്യന്‍ കീരീടം നേടിയ 1988ലെ ഹോളണ്ട് ടീമിലംഗമായിരുന്ന കോവര്‍മാന്‍സ് ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറാണ്. ഡച്ച്, ഐറിഷ് അണ്ടര്‍21 ടീമുകളുടെ പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.

റൂഡ് ഗുള്ളിറ്റിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയനെ തോല്‍പ്പിച്ച ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍മാത്രമാണ് ഈ പ്രതിരോധക്കാരന് അവസരം ലഭിച്ചത്. അതേസമയം ഹോളണ്ടിലെ പ്രാദേശിക ക്ലബ്ബുകള്‍ക്കുവേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

1991ലാണ് അദ്ദേഹം പരിശീലകരംഗത്തേക്കു തിരിഞ്ഞത്. ഹോളണ്ടിന്റെയും അയര്‍ലന്‍ഡിന്റെയും യൂത്ത് ടീമുകളെ പരിശീലിപ്പിച്ചശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്കു വരുന്നത്. ബോബ് ഹൗട്ടണെ പുറത്താക്കിയശേഷം അര്‍മാന്‍ഡോ കൊളാസോ, സേവിയോ മെഡേര എന്നിവര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു.

കൂടാതെ ഹോളണ്ടുകാരനായ റോബ് ബാനെ ഒക്ടോബറില്‍ ടെക്‌നിക്കല്‍ ഡയറക്ടറുമായും നിയമിച്ചു. ബാനാണ് കോവര്‍മാന്‍സിനെ കണ്ടെത്തിയത്. അടുത്തമാസം ചേരുന്ന എ.ഐ.എഫ്.എഫ് എക്‌സിക്യൂട്ടീവ് യോഗം കോവര്‍മാന്‍സിന്റെ നീയമനത്തിന് അംഗീകാരം നല്‍കും. ഇതിനുപിന്നാലെ അദ്ദേഹം ചുമതലയേല്‍ക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

ബോബ് ഹൗട്ടണെ ഒഴിവാക്കിയശേഷം ഒരുവര്‍ഷംകഴിഞ്ഞാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ദേശീയ ടീമിന് കോച്ചിനെ കണ്ടെത്തുന്നത്. രണ്ടുവര്‍ഷത്തേക്കാണ് ഈ അമ്പത്തൊന്നുകാരനുമായുള്ള കരാര്‍.

Advertisement