ഒരു വലിയ രാഷ്ട്രത്തിന്റെ ചരിത്രത്തെ സ്വന്തം സൗന്ദര്യം കൊണ്ട് സ്വാധീനിച്ച വ്യക്തിയാണ് ക്ലിയോപാട്ര. സന്ദര്‍ഭത്തിന് അനുസരിച്ച് വസ്ത്രങ്ങള്‍ ധരിക്കുവാനുള്ള അവരുടെ കഴിവ് പ്രശസ്തമാണ്. ഏത് സന്ദര്‍ഭത്തില്‍ ഏതു തരം വസ്ത്രം ധരിക്കണമെന്ന് അവര്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.
ഗ്രീക്കുകാരിയായിരുന്നെങ്കിലും ഈജിപ്ഷ്യന്‍ വസ്ത്രങ്ങളോടായിരുന്നു ക്ലിയോപാട്രക്ക് പ്രിയം. മുത്തുകളും ചിത്രവേലകളും കൊണ്ട് അലങ്കരിച്ച നീല വസ്ത്രങ്ങളോട് എന്നും അവര്‍ക്കൊരു ആകര്‍ഷണമുണ്ടായിരുന്നു. പൊതുവേദിയിലല്ലെങ്കില് മൃദുവായ ലിനന്റെയോ സില്‍ക്കിന്റെയോ ഗ്രീക്ക് ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അണിഞ്ഞിരുന്ന ചമയങ്ങളാണ് അത്ര കണ്ട് സുന്ദരിയല്ലാതിരുന്ന പാട്രയെ ലോകത്തിലെ എണ്ണം പറഞ്ഞ സുന്ദരികളുടെ ഗണത്തില്‍പ്പെടുത്തിയത് എന്നാണ് ചരിത്രം പറയുന്നത്. ഈജിപ്ത്കാരെ പോലെ വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുന്നതില്‍ ക്ലിയോപാട്ര ഏറെ ശ്രദ്ധിച്ചിരുന്നു.
കുളിക്ക് ശേഷം, ക്ലിയോപാട്രയുടെ ശരീരത്തില്‍ പരിചാരികമാര്‍ സുഗന്ധത്തൈലകള് പൂശുമായിരുന്നു. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കഴുതപ്പാലില്‍ കുളിക്കുന്ന രീതിയും നമ്മുടെ രാജകുമാരിക്ക് ഉണ്ടായിരുന്നത്രെ. ഇന്നത്തെപ്പൊലെ അക്കാലത്ത് ബ്യൂട്ടിപാര്‍ലറുകള്‍ അത്ര സജീവമായിരുന്നില്ലെങ്കിലും ക്ലിയോപാട്രയുടെ ചമയക്കൂട്ടുകള്‍ ഇന്നത്തെ പാര്‍ലറുകളെ കടത്തിവെട്ടുന്നതായിരുന്നു. ചുണ്ടുകളിലും, പുരികങ്ങളിലും കണ്പീലികളിലും കവിളുകളിലും അവര്‍ ചായം പുരട്ടുമായിരുന്നു. ഇലകളുടെ ചാറും പ്രകൃതിദത്തമായ ലോഹ അയിരുകളുമാണ് അവര്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. ഇന്നുള്ള ഹെര്‍ബല്‍ ബ്യൂട്ടിപാര്‍ലറുകളുടെ തുടക്കം ക്ലിയോപാട്രയില്‍ നിന്നാണെന്ന് പറയാം. കടുത്ത മേക്കപ്പിനൊപ്പം തന്നെ കനത്ത വിഗ്ഗും ഇവര്‍ അണിഞ്ഞു. നേര്‍ത്ത തുകലില്‍ ഉണ്ടാക്കിയ ഇവരുടെ ചെരിപ്പുകളും പ്രശസ്തിയുടെ കൊടുമുടി കയറി. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ പോലെ കൈവിരലിലും കൈപ്പത്തിയിലും മൈലാഞ്ചി അണിയാനും ക്ലിയോപാട്ര ശ്രദ്ധിക്കുമായിരുന്നു.
