തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയും ബി.ജെ.പി.യും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആലപ്പുഴയിലും തിരുവനന്തപുരത്തും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കുനേരെ കല്ലേറുണ്ടായി. പാറശാലയ്ക്കു സമീപം പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

ആലപ്പുഴയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ പുറക്കാട്ടുണ്ടായ കല്ലേറില്‍ പാലക്കാട് തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ് ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. കൊല്ലത്ത് മാടനടയില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ്സിനുനേരെയും കല്ലേറുണ്ടായി. മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസിനുനേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ചില്ലകള്‍ തകര്‍ന്നു. കായംകുളം എ.ഇ.ഒ ഓഫീസ് എസ്.ബി.ടി എന്നിവിടങ്ങളിലേക്ക് എല്‍.ഡി.എഫ് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞത് ചെറിയ സംഘട്ടത്തനത്തിന് ഇടയാക്കി.

കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികള്‍ അടക്ക സുഗന്ധവിള ഗവേഷണ ഡയറക്ടറേറ്റ് അടിച്ചുതകര്‍ത്തു. വെസ്റ്റ് ഹില്ലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രണ്ടു ലോറിക്കു നേരെ കല്ലെറിഞ്ഞു. ഏറണാകുളം വൈറ്റിലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാത ഉപരോധിച്ചു. ആലപ്പുഴയിലേക്കുള്ള ദേശീയപാതയാണ് ഉപരോധിച്ചത്. ഇതുവഴി സ്വകാര്യവാഹനങ്ങളില്‍ വന്നവരെ തടഞ്ഞതായും ചിലരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

അതിനിടെ ഹര്‍ത്താല്‍ തുടങ്ങുന്നതിനുമുമ്പ് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് പലയിടത്തും പ്രതിഷേധത്തിനിടയാക്കി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. പുലര്‍ച്ചെ നാലിന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ചിലയിടങ്ങളിലെ അക്രമസംഭവങ്ങളൊഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവരെ സമാധാനപരമാണ്. ചിലയിടങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി.

പെട്രോള്‍ വിലവര്‍ദ്ധന പിന്‍വലിയ്ക്കുക, ഇന്ധനവില നിയന്ത്രിയ്ക്കാനുള്ള അധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താല്‍ നടത്തുന്നത്. പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പണിമുടക്കും നടത്തുന്നുണ്ട്. വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.
.