എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടിയുടെ സമരത്തിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്: നിരവധി പേര്‍ക്ക് പരിക്ക്
എഡിറ്റര്‍
Tuesday 21st January 2014 4:32pm

aap-protest

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ സമരത്തിനിടെ പാര്‍ലമെന്റിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് ലാത്തി വീശി. പോലീസ് വെച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി.

പോലീസ് പ്രവര്‍ത്തകരെ രൂക്ഷമായി നേരിടുകായിരുന്നു. നിരവധി പേരെ പോലീസുകാര്‍ നിലത്തിട്ടുചവിട്ടുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു.

പലരുടെയും നില ഗുരുതരമാണ്.  നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉച്ചവരെ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

സമര സ്ഥലത്തേക്കു ആയിരത്തോളം കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിനു തുടക്കം.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വളഞ്ഞ് വച്ച് എഎപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലായിരത്തോളം പൊലീസിനെ ഇവിടെ വിന്യസിച്ചു.

നിരോധനാജ്ഞ വകവെക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നേരെ നീങ്ങിയ അരവിന്ദ് കെജ്‌രിവാളിനെയും മറ്റുമന്ത്രിമാരെയും പാര്‍ലമെന്റിനുസമീപം റെയില്‍വേ ഭവനുമുന്നില്‍ പോലീസ് തടഞ്ഞിരുന്നു.

ഇവിടെ തന്നെയിരുന്ന് സര്‍ക്കാര്‍ ഫയലുകള്‍ നോക്കിയും ധര്‍ണ നടത്തിയുമാണ് കെജ്‌രിവാളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധിച്ചത്.

അതേസമയം അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയുള്ളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

ദല്‍ഹി മന്ത്രിയുടെ ഉത്തരവ് അംഗീകരിക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുതല്‍ രാജ്പഥില്‍ മുഖ്യമന്ത്രി കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി മന്ത്രിമാരും എംഎല്‍എമാരും ധര്‍ണ നടത്തുകയാണ്.

Advertisement