Administrator
Administrator
പ്രണയവിവാഹം: കോടഞ്ചേരിയിലെ ഹര്‍ത്താല്‍ പൂര്‍ണം
Administrator
Thursday 29th December 2011 11:00am

താമരശ്ശേരി: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കോടഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. നെല്ലിപ്പൊയില്‍, കോടഞ്ചേരി, തോട്ടുംമുഴി, കണ്ണോത്ത് അങ്ങാടികളില്‍ കടകള്‍ തുറന്നില്ല. ബാങ്കുകള്‍ സമരക്കാര്‍ അടപ്പിച്ചു. നെല്ലിപ്പൊയിലില്‍ ഓട്ടോറിക്ഷാ തൊഴിലാളികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ മകന്‍ കൊടുവള്ളി സ്വദേശിനിയായ മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വാഹനങ്ങളിലെത്തിയ ഒരുസംഘം പ്രസിഡന്റിന്റെ വീട് ആക്രമിക്കുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അനുരഞ്ജന ചര്‍ച്ചക്കിടെ താമരശ്ശേരിയില്‍വെച്ച് ഐ.എന്‍.ടി.യു.സി ജില്ലാ വൈ. പ്രസിഡന്റ് കെ.എം. പൗലോസിനെയും മര്‍ദിച്ചിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം അസി. കലക്ടര്‍ അനുപമ താമരശ്ശേരി റസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ വെച്ചാണ് പൗലോസിന് മര്‍ദ്ദനമേറ്റിരുന്നത്.

പൗലോസിനെ മര്‍ദിച്ചതിന്റെ പേരില്‍ എ.പി. അബ്ദുല്‍ മജീദ് മാസ്റ്റര്‍, മുഹമ്മദ് സാഹിര്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന എട്ടുപേരുടെ പേരില്‍ താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

കമിതാക്കള്‍ ഇരുവരും ആര്യസമാജം ഓഫീസില്‍പോയി ഹിന്ദുമതം സ്വീകരിച്ചാണ് വിവാഹിതരായത്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് തീരുവനന്തപ്പുരംത്തു നിന്നും കസ്റ്റഡിയിലെടുത്ത് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ബന്ധുക്കളുടെ പോകാന്‍ വിസമ്മതിച്ച യുവതിയെ യുവാവിനോടൊപ്പം പോകാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. ഇതിനു ശേഷം യുവതിയെ അന്വേഷിച്ച് ഏതാനും പേര്‍ കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കി.

പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായി ഇന്ന് ജില്ലാ കലക്ടറുടെ ചേംബറില്‍ വീണ്ടും അനുരഞ്ജന യോഗം ചേരും. യോഗത്തില്‍ സി. മോയിന്‍കുട്ടി എം.എല്‍.എയും പങ്കെടുക്കും.

Malayalam News
Kerala News in English

Advertisement