തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നില്‍ പോലീസ് തടയാന്‍ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. തുടര്‍ന്ന് പോലീസ് ചെറിയ രീതിയില്‍ ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചിതറിയോടി.

കഴിഞ്ഞ ദിവസം പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരേ പ്രതിഷേധിച്ച എസ്.എഫ്.ഐ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. പോലീസിന്റെ ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ഷിജുവിന് സാരമായി പരിക്കേറ്റു. ഷിജുവിനെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലെത്തിച്ചു.

പോലീസിന്റെ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. വിദ്യാര്‍ത്ഥികളെ നേരിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. സ്ഥലത്തുനിന്നും പോലീസ് പിന്‍വാങ്ങിയതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിട്ടുണ്ട്.