തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം എസ്.എഫ്.ഐ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജിലും സ്വാശ്രയവിഷയത്തിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ഇന്നത്തെ മാര്‍ച്ച് തീര്‍ത്തും സമാധാനപരമായിരിക്കുമെന്ന് എസ്.എഫ്.ഐ നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വന്‍ പോലീസ് സന്നാഹമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നത്. സെക്രട്ടറിയേറ്റിനു മുന്നിലെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് അക്രമണമഴിച്ചുവിട്ടതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജിനുമുന്നിലും എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഒരു സംഘം പോലീസ് യൂണിവേഴ്‌സിറ്റി കോളേജിനുള്ളില്‍ പ്രവേശിച്ച് ലാത്തിച്ചാര്‍ജ് നടത്തി. ഒറ്റപ്പെട്ട പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. കോളേജിനുള്ളിലേക്ക് പ്രവേശിച്ച പോലീസ് വിദ്യാര്‍ത്ഥികളെ ഒന്നടങ്കം തല്ലിച്ചതച്ചു. ഇവര്‍ക്കുനേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.

സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.