കോഴിക്കോട്: നിര്‍മല്‍ മാധവ് പ്രശ്‌നവുമായി ബന്ധപ്പെട്ട് കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ സംഘര്‍ഷം. നിര്‍മല്‍ മാധവ് പ്രശ്‌നപരിഹാരത്തിനായി കലക്ടര്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് കോളേജില്‍ സംഘര്‍ഷം.

Subscribe Us:

കമ്മീഷന്‍ ഇന്ന് സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കലക്ടര്‍ കമ്മീഷനെ സ്വാധീനിച്ച് റിപ്പോര്‍ട്ട് നിര്‍മല്‍ മാധവിന് അനുകൂലമാക്കിയെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആരോപണം. കോളേജിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞത് പോലീസും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോളേജിനുള്ളിലേക്ക് കടയ്ക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

വിദ്യാര്‍ത്ഥികള്‍ക്കുനേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. കോളേജിന്റെ ഗെയ്റ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.

ലാത്തി ചാര്‍ജില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. ബിജുവിന്റെ തലയ്ക്ക് മുറിവേറ്റു. പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ പോലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ 12 പോലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെയും വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. സ്ഥലത്തെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നിട്ടുണ്ട്.

22787ാം റാങ്കുകാരനായ നിര്‍മല്‍ മാധവിന്, സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ഒരുവര്‍ഷം പഠിച്ചതിനുശേഷം രണ്ട് സെമസ്റ്ററുകള്‍ ഒഴിവാക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ പ്രവേശം നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. മൂന്ന്, നാല്, സെമസ്റ്ററുകള്‍ പഠിക്കാതെയും ഇന്‍േറണല്‍ അസസ്‌മെന്റിന് വിധേയനാകാതെയും അഞ്ചാം സെമസ്റ്ററില്‍ പ്രവേശം ലഭിച്ചത്, അഞ്ചാം സെമസ്റ്ററിലെ ഒഴിവുവന്ന സീറ്റില്‍ മറ്റേതെങ്കിലും വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുണ്ടോ, അവരുടെ റാങ്ക്‌നില, നാട്ടിലെ സ്വാശ്രയ കോളജില്‍ ഒരു സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് പഠിച്ചതിനുശേഷം ലഭിച്ച ടി.സി ഉപയോഗിച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പ്രവേശം നല്‍കിയതിലെ നിയമസാധുത തുടങ്ങി വിവിധ വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയായിരുന്നു.