കണ്ണൂര്‍: കോഴിക്കോട് വെസ്റ്റ്ഹില്‍ എഞ്ചിനീയറിംഗ് കോളേജ് മാര്‍ച്ചിനു നേരെയുണ്ടായ വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

കണ്ണൂരില്‍ ദേശീയ പാതയില്‍ കാള്‍ടെക്‌സിനരികില്‍ നടന്ന എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് എയ്ഡ് പോസ്റ്റ് തല്ലിത്തകര്‍ത്തു. നഗരസഭയുടെ രണ്ട് വാഹനങ്ങള്‍ തകര്‍ത്തു. കണ്ണൂര്‍ ഐ.ജിയുടെയും എസ്.പിയുടെയും ക്യാമ്പ് ഓഫീസിനു നേരെയും ട്രാഫിക് പോലീസ് സ്‌റ്റേഷന് നേരെയും കല്ലേറ് നടന്നു. പ്രവര്‍ത്തകരെ തുരത്താന്‍ പോലീസ് നിരവധി കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കണ്ണൂരില്‍ ആക്രമണം നടന്നു. വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യം പകര്‍ത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. മാധ്യമപ്രവര്‍ത്തകരെ നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

പാലക്കാട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. സംഭവസ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷം നിലനിന്നു.

തൃശ്ശൂരില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.