കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ അക്രമാസക്തരായി തമിഴ്‌നാട്ടില്‍ നിന്ന് സംഘടിച്ചെത്തിയ ആള്‍ക്കൂട്ടത്തെ പോലീസ് തടഞ്ഞു. ഇതിനെത്തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. കുമളിക്കു സമീപം റോസാപൂക്കണ്ടത്ത് കേരള പോലീസിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരെ കേരളാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് തമിഴ്‌നാട് പോലീസിന് വിട്ടുകൊടുത്തു.

ഉച്ചയോടെയാണ് കമ്പം, തേനി മേഖലകളില്‍ നിന്നും നാലായിരത്തോളം തമിഴര്‍ സംഘടിച്ചു അന്തര്‍ സംസ്ഥാന ചെക്ക്‌പോസ്റ്റായ കുമളിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വിവരം കേരളാ പോലീസിന് ലഭിച്ചത്. ഉടന്‍ കേരളാ പോലീസും ദ്രുതകര്‍മ്മ സേനയും രംഗത്തിറങ്ങുകയും ചെക്ക്‌പോസ്റ്റ് അടക്കുകയും ചെയ്തു. പ്രദേശത്ത് കടകള്‍ അടപ്പിക്കുകയും ജനങ്ങലെ മാറ്റുകയും ചെയ്തു. തമിഴ്‌നാട് പോലീസും രംഗത്തെത്തി അതിര്‍ത്തി അടച്ചു. അയ്യപ്പഭക്തരുടെതുള്‍പ്പെടെ ഒരു വാഹനവും ഇരുഭാഗത്തേക്കും കടത്തിവിട്ടില്ല.

നിരോധനാജ്ഞ ലംഘിച്ച് കേരളത്തിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ സ്ത്രീകളടക്കമുള്ള തമിഴ് സംഘത്തെ ലോവര്‍ ക്യാംപില്‍ തമിഴ്‌നാട് പോലീസ് തടഞ്ഞു. ഇവരെ തേനി കളക്ടറുടെ നേതൃത്വത്തില്‍ അനുനയിപ്പിക്കാന്‍ ശ്രമം നടന്നു. നാലായിരത്തോളം വരുന്ന ജനക്കൂട്ടം പൊലീസ് നിര്‍ദേശത്തെ അവഗണിച്ച് പ്രദേശത്ത് തമ്പടിച്ചു. ബാരിക്കേഡ് തകര്‍ത്ത് കേരളത്തിലേക്ക് പ്രതിഷേധക്കാര്‍ കടന്നെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ കുമളിയില്‍ സുരക്ഷ ശക്തമാക്കി. എന്തും സംഭവിക്കാമെന്ന സ്ഥിതിയായിരുന്നു അപ്പോള്‍ അതിര്‍ത്തിയില്‍ നിലനിന്നത്. ധ്രുതകര്‍മസേന കുമളി പട്ടണത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി.

ഒന്നര മണിക്കൂറോളം ജനക്കൂട്ടത്തെ തമിഴ്‌നാട് പോലീസ് തടഞ്ഞു വെച്ചു. തുടര്‍ന്ന് ഭൂരിഭാഗവും പിരിഞ്ഞുപോയെങ്കിലും ഊടുവഴികളിലൂടെ ചിലര്‍ ചെറുസംഘങ്ങളായി പോലീസിന്റെയും മറ്റും കണ്ണു വെട്ടിച്ച് ചെക്കപോസ്റ്റിനടുത്തേക്ക് എത്തുകയായിരുന്നു. കുട്ടികളടക്കം ഉള്‍പ്പെട്ട ഈ സംഘങ്ങള്‍ വടികളും കല്ലുകളുമായി ചെക്ക്‌പോസ്റ്റിന് അന്‍പത് മീറ്റര്‍ മാത്രം മാറിയാണ് നിലയുറപ്പിച്ചത്. ഇതില്‍ ചിലരാണ് കല്ലേറു നടത്തിയത്.

കല്ലേറില്‍ നിരവധി പേര്‍ക്കു പരിക്കു പറ്റി. കേരള അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു വീടിന് കല്ലേറില്‍ കേടുപാടു പറ്റി. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് കല്ലെറിഞ്ഞ രണ്ടുപേരെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കമ്പം സ്വദേശി മുരുകനാണ് അറസ്റ്റിലായ ഒരാള്‍.

Malayalam News