തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ വാക്കേറ്റവും ബഹളവും. പ്രധാനമന്ത്രിക്കെതിരെ ആനത്തലവട്ടം ആനന്ദന്‍ നിയമസഭയില്‍ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പി.ടി തോമസ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് എ. സമ്പത്ത് ഇടപെടുകയായിരുന്നു. ഇതോടെയാണ് ബഹളുമുണ്ടായത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമുള്‍പ്പെടെ നോക്കി നില്‍ക്കെയാണ് വാദം കത്തിക്കയറിയത്.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാറിനെ തഴഞ്ഞുവെന്ന വിവാദത്തില്‍ ആനത്തലവട്ടം ആനന്ദന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുവെന്നായിരുന്നു തോമസിന്റെ ആരോപണം. തമിഴ്‌നാട്ടിലാണ് ഇത്തരം കാര്യങ്ങള്‍ നടന്നതെങ്കില്‍ ആളുകള്‍ പ്രധാനമന്ത്രിയുടെ വിമാനം വെടിവെച്ചിടുമായിരുന്നുവെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞുവെന്നായിരുന്നു തോമസിന്റെ ആരോപണം.

എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ആനത്തവലവട്ടം പറഞ്ഞിട്ടില്ലെന്നും ഇത് ഇവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും സി.പി.ഐ.എം എം.പി എ സമ്പത്ത് വ്യക്തമാക്കി. ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് ഇരു മുന്നണികളിലെയും എ.പിമാര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ വാദം മുറുകി യോഗം ബഹളമയമായി.

കേന്ദ്ര ബജറ്റിലും റെയില്‍വെ ബജറ്റിലും കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണ് രാഷ്ട്രീയ പ്രത്യാക്രമണങ്ങള്‍ക്ക് വേദിയായത്.