എഡിറ്റര്‍
എഡിറ്റര്‍
ഇരട്ടക്കൊല: പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു
എഡിറ്റര്‍
Wednesday 13th June 2012 9:00am

തിരുവനന്തപുരം: അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പ്രതിഷേധിച്ച് ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാവിലെ 8.30ന് സഭ ചേര്‍ന്നയുടന്‍ തന്നെ ബഹളം തുടങ്ങി.

സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി. കേസില്‍ പ്രതിയായ എം.എല്‍.എ പി.കെ ബഷീറിനെ നിയമസഭയില്‍ നിന്ന് പുറത്താക്കണമെന്നും അറസ്റ്റു ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം.

ഇരട്ടക്കൊല സംബന്ധിച്ച് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. ചോദ്യോത്തര വേള കഴിഞ്ഞാല്‍ ആവശ്യത്തിന് സമയം അനുവദിക്കാമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വ്യക്തമാക്കി. എന്നാല്‍ ഇതനുസരിക്കാതെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയാണ്. പത്ത്മിനിറ്റോളം നടുത്തളത്തില്‍ ബഹളം വെച്ചശേഷം പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രതിപക്ഷ ബഹളത്തിനിടയിലും സ്പീക്കര്‍ ചോദ്യോത്തര വേള തുടങ്ങി. മന്ത്രി പി.കെ ജയലക്ഷ്മിയും ഷിബു ബേബിജോണുമാണ് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

ചോദ്യോത്തരവേള കഴിഞ്ഞശേഷം പ്രതിപക്ഷനേതാവിനോട് സംസാരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അതിന് തയ്യാറാവില്ല. മാധ്യമങ്ങളില്‍ തത്സമയ സംപ്രേഷണം ഉള്ളപ്പോള്‍ പ്രതിപക്ഷ നേതാവ് സംസാരിക്കേണ്ടയെന്ന തന്ത്രമാണ് ഇവിടെ ഭരണപക്ഷം പ്രയോഗിച്ചതെന്നായിരുന്നു ഇത് സംബന്ധിച്ച് സഭയ്ക്ക് പുറത്ത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം.

തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.

അതേസമയം, ഭരണപക്ഷ അംഗങ്ങളും സഭയില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി. പ്രതിപക്ഷ എം.എല്‍.എമാരായ കെ.കെ ജയചന്ദ്രന്‍, ടി.വി രാജേഷ് എന്നുവരും കൊലക്കേസുകളില്‍ പ്രതിയാണെന്ന വാചകങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ഭരണപക്ഷത്തിലെ യുവ എം.എല്‍.എമാര്‍ പ്രതിഷേധിച്ചത്.

Advertisement