എഡിറ്റര്‍
എഡിറ്റര്‍
പെന്‍ഷന്‍ പ്രായം: ഇടത് യുവജസംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം
എഡിറ്റര്‍
Wednesday 21st March 2012 11:30am

ചിത്രങ്ങള്‍: രാംകുമാര്‍

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 56 വയസായി വര്‍ധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ സംസ്ഥാനത്ത് പലയിടങ്ങളിലായി ഇടത് യുവജനസംഘടനകള്‍ നടത്തിയ സമരത്തില്‍ വ്യാപകമായ സംഘര്‍ഷം. കോട്ടയം കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.

തിരുവനന്തപുരത്ത് യുവജനസംഘടനാ പ്രവര്‍ത്തകരും പോലീസും ഏറ്റമുട്ടി. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇവിടെ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കോട്ടയം കളക്‌ട്രേറ്റിലേക്ക് ഇടത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായി. കളക്‌ട്രേറ്റിലേക്ക് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തില്‍ ഡി.വൈ.എസ്.പി ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റു. പ്രകടനക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കളക്‌ട്രേറ്റിന്റെ ഗേറ്റ് പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.

കാസര്‍കോട് കലക്ട്രേറ്റില്‍ നടന്ന മാര്‍ച്ച് സംഘര്‍ഷത്തിലും ലാത്തിചാര്‍ജ്ജിലും കലാശിച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് 15 തവണ കണ്ണീര്‍വാതക ഷെല്ലുകള്‍ എറിഞ്ഞു. എന്നിട്ടും യുവാക്കള്‍ പിരിഞ്ഞുപോകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ലാത്തിചാര്‍ജ്ജ് നടത്തുകയായിരുന്നു.

കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് നിന്നാണ് മാര്‍ച്ച് കലക്‌ട്രേറ്റിലേക്ക് നീങ്ങിയത്. എ.എസ്.പി ടി.കെ ഷിബുവിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് സമരക്കാരെ നേരിട്ടത്. ഡി.വൈ.എഫ്.ഐ, എ.വൈ.എഫ്, ആര്‍.വൈ.എഫ് തുടങ്ങിയ ഇടതുപക്ഷ യുവജനസംഘടനകളാണ് സമര രംഗത്തുള്ളത്.
പോലീസിന്റെ അടിയേറ്റ് ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികളായ കെ. രവീന്ദ്രന്‍, കെ. മണികഠ്ണന്‍ ഉള്‍പ്പെടെ അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചെങ്കളയിലെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ സ്ഥലത്ത് നടന്ന യോഗത്തിന് ശേഷം പിരിഞ്ഞുപോയ രണ്ട് ഡി.വൈ.എഫ് പ്രവര്‍ത്തകരെ 11.30 മണിയോടെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി വീണ്ടും സംഘര്‍ഷം ഉടലെടുത്തു. മാര്‍ച്ചില്‍ ആയിരത്തോളം യുവാക്കളും സമരം നേരിടാന്‍ മൂന്നുറോളം പോലീസുകാരും അണിനിരന്നിരുന്നു.

 

Malayalam News
Kerala News in English

Advertisement