തിരുവനന്തപുരം: ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായതിനെ തുടര്‍ന്ന് നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ചു. മന്ത്രി കെ.സി ജോസഫ് സംസാരിക്കുമ്പോള്‍ ഓഫിസേഴ്‌സ് ഗ്യാലറിയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ മന്ത്രിക്കു നേരെ ആംഗ്യം കാണിച്ചെന്നാരോപിച്ചാണു പ്രതിപക്ഷം ബഹളം വച്ചത്.

മന്ത്രി കെ.സി ജോസഫ് ധനവിനിയോഗ ബില്ലിന്റെ മറുപടി പ്രസംഗം നടത്തുകയായിരുന്നു. ഇതില്‍ ഇടപെട്ടുകൊണ്ട് പ്രതിപക്ഷത്തുനിന്നും എം.എ ബേബി എഴുന്നേറ്റു നിന്നു സംസാരിച്ചു. ബേബി സംസാരിക്കുന്നതിനിടെ കെ.സി ജോസഫിന്റെ ഗ്യാലറിയുള്ള ഒരു ഉദ്യോഗസ്ഥന്‍ ബേബിക്കുനേരെ ആംഗ്യം കാണിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം.

Subscribe Us:

മന്ത്രിക്കുനേരെ ആംഗ്യം കാണിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുക്കളത്തിലിറങ്ങി. തുടര്‍ന്നു ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുകയും അതു കയ്യാങ്കിളിയിലെത്തുകയും ചെയ്തു. ബഹളം രൂക്ഷമായ സാഹചര്യത്തില്‍ സ്പീക്കര്‍ സഭാ നടപടികള്‍ അരമണിക്കൂറോളം നിര്‍ത്തിവെച്ചു.