ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) പുതിയ പരിഷ്‌കാരങ്ങള്‍ ബി.സി.സി.ഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) തടഞ്ഞു.

ഐ.സി.സി യുടെ ഭരണമാറ്റം, നിയമങ്ങള്‍, സ്വതന്ത്ര അംഗങ്ങളെ എക്‌സികുട്ടീവ് സമിതിയില്‍ എടുക്കുക, ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ കുത്തക തടയുക  തുടങ്ങീ നിര്‍ണ്ണായകമേഖലകളിലുള്ള ശുപാര്‍ശകളാണ് ഇന്ത്യന്‍ ബോര്‍ഡ് തടഞ്ഞത്.

ക്രിക്കറ്റ് രംഗത്തെ ആഗോള സംഘടനയായ ഐ.സി.സി പരിഷ്‌കാരങ്ങള്‍ക്കായി മുന്‍ ഇംഗ്ലണ്ട്, വേല്‍സ് എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ഹാരി വൂള്‍ഫിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ചിരുന്നു.സമിതിയുടെ നിര്‍ദ്ദേശങ്ങളാണ് റിവ്യു പാനലില്‍ ബി.സി.സി.ഐ എതിര്‍ത്തത്.

നിലവില്‍ ഐ.സി.സി യുടെ എക്‌സികുട്ടീവ് സമിതിയില്‍ ടെസ്റ്റു പദവിയുള്ള 10 രാജ്യങ്ങളിലെ പ്രാദേശികസമിതിയുടെ പ്രതിനിധികളും ടെസ്റ്റുപദവി ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള 3 പ്രതിനിധികളും ഐ.സി.സിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചീഫ് എക്‌സികുട്ടീവ് എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.

ഐ.സി.സിയുടെ പുതിയ പരിഷ്‌കാരങ്ങള്‍ ഞങ്ങള്‍ക്ക് സ്വാഗതാര്‍ഹമല്ലെന്ന് ബി.സി.സി.ഐ യുടെ പ്രസിഡന്റ് നാരായണസ്വാമി ശ്രീനിവാസന്‍ ചെന്നൈയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.സി.സിയുടെ സാമ്പത്തിക സ്രോതസ്സിന്റെ 70% വും വഹിക്കുന്നത് ബി.സി.സി.ഐ ആണെന്നിരിക്കെ ഈ ഒരു എതിര്‍പ്പിലൂടെ ഐ.സി.സി വെട്ടിലായിരിക്കയാണ്.

മുന്‍പ് കളിക്കളങ്ങളില്‍ അമ്പയര്‍ ഡിസിഷന്‍ റിവ്യു സിസ്റ്റം (യു.ഡി.ആര്‍.എസ്) ഉപയോഗിക്കുന്നതിനെ മറ്റു രാജ്യങ്ങള്‍ പിന്തുണച്ചിട്ടും ബി.സി.സി.ഐ എതിര്‍ത്തത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബി.സി.സി.ഐ ടെ പുതിയ നടപടി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപെടും എന്നതില്‍ തര്‍ക്കമില്ല.

Malayalam News

Kerala News In English