വയനാട്: എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കൃഷ്ണഗിരിയിലെ 16.75 ഏക്കര്‍ ഭൂമിയിലേക്ക് എ.കെ.എസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുതള്ളും നടന്നു.

ശ്രേയാംസ്‌കുമാര്‍ കൈവശം വെച്ചിരിക്കുന്ന കൃഷ്ണഗിരിയിലെ ഭൂമി ജൂണ്‍ മുപ്പതിനകം സര്‍ക്കാരിന് കൈമാറണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ മാര്‍ച്ച് നടത്തി ഭൂമി പിടിച്ചെടുക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന്‍ പറഞ്ഞു.

തുടര്‍ന്ന് എസ്റ്റേറ്റിലെത്തിയ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ കൊടിനാട്ടി ബോര്‍ഡ് വച്ചു. എന്നാല്‍ മാനന്തവാടി സബ്കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊടിയും ബാനറും അധികൃതര്‍ അഴിച്ചുമാറ്റി.

ആദിവാസി ക്ഷേമസമിതി പിടിച്ചെടുത്തെന്ന ബാനറായിരുന്നു സ്ഥാപിച്ചത്.