തിരുവനന്തപുരം: സ്വാശ്രയ, ഇന്ധന വിലവര്‍ധന വിഷയങ്ങളില്‍ പ്രതിഷേധിച്ച് വ്യത്യസ്ത സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ അക്രമം. കൊല്ലത്ത് സ്വാശ്രയ വിഷയത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ കല്ലേറുണ്ടായി. കല്ലേറില്‍ എ.എസ്.ഐ.ക്ക് പരിക്കേറ്റു. കലക്ടറേറ്റിലേക്കായിരുന്നു എ.ഐ.വൈ.എഫ് മാര്‍ച്ച്.

സ്വാശ്രയ കോളജ് പ്രവേശന വിഷയത്തില്‍ എസ്.എഫ്.ഐ കോട്ടയം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് കല്ലേറിലും കണ്ണീര്‍വാതകപ്രയോഗത്തിലും കലാശിച്ചു. കലക്ടറേറ്റ് വളപ്പിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോമ്പൗണ്ടിനുള്ളിലേക്കും പോലീസിന് നേര്‍ക്കും കല്ലേറ് നടത്തി. ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിച്ച് പോലീസ് ഇവരെ വിരട്ടിയോടിച്ചെങ്കിലും പല ഭാഗത്തു നിന്നും സംഘടിച്ച പ്രവര്‍ത്തകര്‍ വീണ്ടും കലക്ടറേറ്റിനുള്ളിലേക്ക് കയറി. തുടര്‍ന്ന് പോലീസ് ലാത്തി വീശി.

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ഏജീസ് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പോലീസ് ലാത്തി വീശി പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു. ബാരിക്കേഡിന് മുകളിലൂടെ ചാടിയ യുവമോര്‍ച്ച വൈസ് പ്രസിഡന്റ് രാജീവിന്റെ കാലൊടിഞ്ഞു.