കൊളംബോ: ശ്രീലങ്കയിലെ വെലിക്കട ജയിലില്‍ പോലീസും തടവുകാരും തമ്മിലുണ്ടായ കലാപത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരുക്കേറ്റു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ഈ ജയിലിലുണ്ട്.

മൊബൈല്‍ ഫോണുകളും ലഹരിമരുന്നും സെല്ലുകളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസിലെ പ്രത്യേക വിഭാഗവും (എസ്.ടി.എഫ്) തടവുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്.

Ads By Google

ഇതിനിടെ ചില തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാര്‍ വെടിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ജയിലിന്റെ മേല്‍ക്കൂരയില്‍ കയറിനിന്ന് ചില തടവുകാര്‍ പോലീസിന് നേരെ ആക്രമണം നടത്തി. പ്രകോപിതരായ തടവുകാര്‍ സൈനികരുടെ തോക്കുകള്‍ പിടിച്ചെടുത്ത് വെടിവച്ചതായി പറയുന്നു.

ഇവര്‍ക്ക് നേരെ പോലീസ് വെടിവച്ചു. ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. പിന്നീട് സൈന്യം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

കലാപം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പട്ടാളത്തെയും പ്രത്യേക പൊലീസിനെയും ജയിലില്‍ വിന്യസിച്ചിട്ടുണ്ട്.  ഇന്ത്യക്കാരായ തടവുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൊളംബോയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.