തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ ഉന്തും തള്ളും. കോഴിക്കോട് വെടിവെപ്പ് സംബന്ധിച്ച് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട സഭയിലുണ്ടാ ബഹളമാണ് വാച്ച് ആന്റ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചത്.

ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് കോഴിക്കോട് വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തിയത്. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം എ.സി.പിയെ സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്നും മുഖ്യമന്ത്രി വാക്കുനല്‍കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി ഇന്നലെ സമര്‍പ്പിച്ചതായി മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സഭയ്ക്കു മുമ്പാകെ റിപ്പോര്‍ട്ട് വയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് സഭാചട്ടങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Subscribe Us:

സഭയ്ക്കുമുന്നില്‍ വയ്ക്കാത്ത റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇത് സഭയോടുള്ള അനാദരവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം നിഷേധിച്ചു. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ക്കെല്ലാം താന്‍ ഉത്തരവാദിയാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി തിങ്കളഴ്ച തന്നെ കോഴിക്കോടെത്തി തെളിവെടുക്കും. ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. എന്നാല്‍ സ്പീക്കര്‍ ഇതിനിടയില്‍ തന്നെ സഭാ നടപടികള്‍ പുനരാരംഭിച്ചു. ഇതേ തുടര്‍ന്ന് പ്രകോപിതരായ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനരികിലേക്ക് നീങ്ങി. ഇവരെ തടയാനെത്തിയ വാച്ച് ആന്റ് വാര്‍ഡും എം.എല്‍.എമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഉന്തിലും തള്ളിലും പ്രതിപക്ഷ എം.എല്‍.എ മാരായ കെ.കെ ലതിക, ടി.വി രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, പ്രതിപക്ഷാംഗങ്ങള്‍ വനിതാ വാച്ച് ആന്റ് വാര്‍ഡ് രജനികുമാരിയെ ആക്രമിച്ചെന്ന് ഭരണകക്ഷി എം.എല്‍.എ മാര്‍ കുറ്റപ്പെടുത്തി. രജനികുമാരിയെ ആക്രമിച്ചത് ടി.വി രാജേഷ് എം.എല്‍.എയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ടി.വി രാജേഷിനെ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ മാരായ പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍ എന്നിവര്‍ രംഗത്തെത്തി.

ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്ന് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.