അഡ്‌ലെയ്ഡ്: സി ബി സീരീസിലെ നിര്‍ണായക ഫൈനലില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും ഫാസ്റ്റ് ബൗളര്‍ ജെയിംസ് പാറ്റിന്‍സനും കളിക്കാന്‍ സാധ്യതയില്ല. ശ്രീലങ്കയ്‌ക്കെതിരെ നടന്ന രണ്ടാം ഫൈനലിനിടെ ഇടതുകാല്‍ക്കുഴയ്ക്ക് പരിക്കേറ്റതുമൂലമാണ് ക്ലാര്‍ക്ക് വിട്ടുനില്‍ക്കുന്നത്. ഇന്ന് നടക്കുന്ന വിശദമായ പരിശോധയ്ക്ക് ശേഷം മാത്രമേ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന് പറയാന്‍ കഴിയുള്ളു.

പരിക്കിനെത്തുടര്‍ന്ന് ത്രിരാഷ്ട്ര പരമ്പരയിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ പാറ്റിന്‍സണ്‍ അവസാന ലീഗ് മത്സരത്തിലാണ് ടീമിലെത്തിയത്. ക്ലാര്‍ക്കിന്റെ ആഭാവത്തില്‍ ഷെയ്ന്‍ വാട്‌സണായിരിക്കും ഓസീസിനെ നയിക്കുക. നാളെ അഡ്‌ലെയ്ഡിലാണ് അവസാന ഫൈനല്‍.

ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയെങ്കിലും മുടന്തിയാണ് ക്ലാര്‍ക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ട്വന്റി 20 ടീം നായകന്‍ ജോര്‍ജ് ബെയ്‌ലിയെ ക്ലാര്‍ക്കിന്റെ അഭാവത്തില്‍
ടീമിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ 12 ന് ഇതേ വേദിയില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ക്ലാര്‍ക്കിന്റെ വലത് കാല്‍ക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് രണ്ടു കളികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും  ചെയ്തിരുന്നു.

പരിക്ക് പൂര്‍ണമാകുന്നതിനു മുന്‍പ് കളിക്കാനിറങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമായതെന്ന് ക്ലാര്‍ക്ക് പറ്ഞ്ഞു. ടീം ഫിനിയോ അലക്‌സ് കൗണ്‍ടോറിസിന്റെ ഉപദേശം കണക്കിലെടുത്തില്ലെന്നും ഓസിസ് നായകന്‍ പറഞ്ഞു. സി.ബി സീരീസ് കഴിഞ്ഞാലുടന്‍ ഓസ്ട്രേലിയന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി പുറപ്പെടും. ശ്രീലങ്കയുമായി നടന്ന മത്സരത്തില്‍ സ്‌കോര്‍ മുന്നൂറിന് മുകളില്‍ പോകാതിരുന്നതാണ് തോല്‍വിയ്ക്ക് കാരണമെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

272 റണ്‍സിന്റെ വിജയലക്ഷ്യം ലങ്കയെപോലൊരു ടീമിന് നിസ്സാരമാണ്. ലങ്കന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്‌തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Malayalam news

Kerala news in English