കണ്ണൂര്‍: തനിക്കെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് കണ്ണൂരില്‍ നിന്നുള്ള സി.പി.ഐ.എം  നേതാവ് സി.കെ.പി. പത്മനാഭന്‍. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുമായ സി.കെ.പി. പത്മനാഭനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും സി.പി.ഐ.എം നീക്കിയത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതികളുണ്ട്. പാര്‍ട്ടി ഔദ്യോഗികമായി ഒന്നും അറിയിക്കാത്ത സാഹചര്യത്തില്‍ വിവരം നല്‍കിയവരോട് വിശദീകരണം ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ പോഷകസംഘടനയായ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായിരിക്കെ, കര്‍ഷക ഫണ്ട് വിനിയോഗിച്ചതിന്റെ കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ബ്രാഞ്ച് തലത്തിലേക്കു തരംതാഴ്ത്തിയത്. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഔദ്യോഗികപക്ഷത്തെ പ്രമുഖനായിരുന്ന പി. ശശിക്കെതിരേ പെരുമാറ്റദൂഷ്യത്തിനു പരാതിപ്പെട്ടവരില്‍ സി.കെ.പി. പദ്മനാഭനും ഉണ്ടായിരുന്നു.