എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫിനെതിരെ സി.കെ ജാനു: ട്രൈബല്‍ ഫെസ്റ്റ് നടത്തുന്നത് ആദിവാസികളുടെ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാന്‍
എഡിറ്റര്‍
Thursday 3rd May 2012 9:40am

കല്‍പറ്റ: ഗോത്രായനം എന്ന പേരില്‍ ട്രൈബല്‍ ഫെസ്റ്റ് നടത്താനുള്ള യു.ഡി.എഫ് തീരുമാനത്തിനെതിരെ ആദിവാസി ഗോത്രസഭ അധ്യക്ഷ സി.കെ ജാനു. ആദിവാസികളുടെ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നേടിക്കൊടുക്കാനാത്ത സര്‍ക്കാറാണ് ലക്ഷങ്ങള്‍ മുടക്കി ഗോത്രായനം എന്ന പേരില്‍ മാനന്തവാടിയില്‍ മേള നടത്തുന്നതെന്നാണ് ജാനുവിന്റെ ആരോപണം.

ഗോത്രായനം നടത്തുന്നത് ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അഴിമതി നടത്താനാണെന്നും ജാനു ആരോപിച്ചു. ആദിവാസികളുടെ യാഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള സര്‍ക്കാറിന്റെ ശ്രമമാണിത്. മേളയുടെ ആകെ ചിലവിന്റെ മൂന്നിലൊരു ഭാഗമായ മുപ്പത്‌ലക്ഷം രൂപ ഇവന്റ്മാനേജ്‌മെന്റ് കമ്പനിക്കാണ് നല്‍കിയത്. ആദിവാസി കലകളുടെ വികസനത്തിന് ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കുകയാണ് വേണ്ടതെന്നും ജാനു പറഞ്ഞു.

ആദിവാസികളുടെ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്നു പറയുന്ന മന്ത്രി ആദിവാസികളെ കബളിപ്പിക്കുകയാണ്. കോടികള്‍ ചെലവിടുന്ന മേളകള്‍കൊണ്ട് ആദിവാസികളുടെ കല സംരക്ഷിക്കപ്പെടില്ലെന്നും അവര്‍ വ്യക്തമാക്കി

യു.ഡി.എഫ് സര്‍ക്കാര്‍ വന്നയുടന്‍ തങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ ആദിവാസി സംഘടനകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതിലൊന്നും നടപടിയുണ്ടായിട്ടില്ല. വയനാട്ടിലെ ഭൂരഹിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ 50 കോടി രൂപ വകയിരുത്തിയിട്ട് ഒരു വര്‍ഷത്തിലധികമായി. എന്നാല്‍ വനാവകാശ നടപടി പൂര്‍ത്തീകരിക്കാനോ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാനോ നടപടിയുണ്ടായിട്ടില്ല. ആദിവാസി വികസനത്തിനുള്ള വിവിധ ഫണ്ടുകള്‍ പാഴാക്കി. ആദിവാസി വിഭാഗക്കാരിയായ മന്ത്രി പി.കെ ജയലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ആദിവാസി സമൂഹത്തിന് ഗുണമുണ്ടായിട്ടില്ല. പട്ടികവര്‍ഗ ക്ഷേമവകുപ്പ് അവരില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കണം.

വയനാട്ടിലെ ആദിവാസികളുടെ  ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മെയ് 23ന് സെക്രട്ടറിയേറ്റ് പടിക്കല്‍ സൂചനാ സത്യാഗ്രഹം നടത്തുമെന്നും അവര്‍ പറഞ്ഞു.

Malayalam News

Kerala News in English

Advertisement