തിരുവനന്തപുരം: വി.എസ് അച്ച്യുതാനന്ദന് സീറ്റ് നിഷേധിച്ചത് സി.പി.ഐ.എമ്മിന്റെ ആഭ്യന്തരപ്രശ്‌നമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇതുപോലെയുള്ള സന്ദര്‍ഭത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിനിര്‍ണയത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

ഈ സമയത്ത് വി.എസ്സിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ അത് മുന്നണിമര്യാദയുടെ ലംഘനമായിരിക്കും. സി.പി.ഐയുടെ സ്ഥാനാര്‍ത്ഥിനിര്‍ണയെത്തെക്കുറിച്ച് അവ്യക്തതയില്ല. രണ്ടുതവണയിലേറെ മല്‍സരിച്ചവര്‍ക്ക് ഇത്തവണ സീറ്റുണ്ടാവില്ല. ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും മുന്‍ഗണനയുണ്ടാവും. എന്നാല്‍ പ്രായമാവരെ മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായമില്ലെന്നും സി.കെ ചന്ദ്രപ്പന്‍ പറഞ്ഞു.

മല്‍സരിക്കുന്നവര്‍ക്ക് രാഷ്ട്രീയപരിചയം ഉണ്ടായിരിക്കണം. പ്രായംകുറഞ്ഞവര്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രായമുള്ളവരുടെ പരിചയസമ്പന്നതയെ അവഗണിച്ച് മുന്നോട്ടുപോകാനുമാവില്ല. പുതുതലമുറയെ രാഷ്ട്രീയരംഗത്തിറക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാക്കുകയെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

വി.എസിന്റെ ഭരണനേട്ടത്തെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ സംസ്ഥാനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് സീറ്റ് നല്‍കണോ വേണ്ടയോ എന്ന കാര്യം സി.പി.ഐ.എമ്മിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നും സി.കെ ചന്ദ്രപ്പന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.