തിരുവനന്തപുരം: മൂന്നാര്‍ ദൗത്യ സംഘത്തെക്കുറിച്ചുള്ള വി.എസിന്റെ നിലപാട് മാറ്റം നേരത്തെയാക്കാമായിരുന്നുവെന്ന് സി.പി.ഐ സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍. അച്ച്യുതാനന്ദന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. ദൗത്യസംഘമല്ല, മൂന്നാറില്‍ ഒഴിപ്പിക്കലാണ് ആവശ്യം. മൂന്നാറില്‍ കെ.സുരേഷ്‌കുമാറിന്റെ ഇടപെടലുകള്‍ ദൗത്യസംഘത്തിന്റെ താളം തെറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വൈകിയെങ്കിലും വി.എസ് സത്യം തിരിച്ചറിഞ്ഞത് നന്നായി. ഇക്കാര്യം സി.പി.ഐ നേരത്തെ വ്യക്തമാക്കിയതാണ്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് പകരം ദൗത്യ സംഘം സി.പി.ഐയുടെത് ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഓഫീസുകളാണ് ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ കെ.സുരേഷ്‌കുമാറിനെതിരെ രംഗത്ത് വന്നിരുന്നു. സുരേഷ്‌കുമാറിന്റെ എല്ലാ നിലപാടുകളും ശരിയായിരുന്നില്ലെന്നും ചെയ്യാന്‍ പാടില്ലാത്തത് പലതും അദ്ദേഹം മൂന്നാറില്‍ ചെയ്തുവെന്നുമായിരുന്നു വി.എസിന്റെ വിമര്‍ശനം.