തൃശൂര്‍: സീറ്റുവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യമായി പറയരുതെന്നും അത്തരം കാര്യങ്ങള്‍ മുന്നണിക്കകത്താണ് പറയേണ്ടതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍.

ഓരോ ഘടകകക്ഷികളും സീറ്റ്‌സംബന്ധിച്ച കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തയ്യാറായാല്‍ പിന്നെയെന്തിനാണ് മുന്നണിസംവിധാനമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം പ്രവണതകള്‍ മുന്നണിസംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്ക് ഏഴുസീറ്റുവേണമെന്ന ആര്‍.എസ്.പി നേതാവ് വി.പി രാമകൃഷ്ണപിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രപ്പന്‍. മുന്നണിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ ചന്ദ്രപ്പന്‍ തയ്യാറായില്ല. വി.എസ്സിന്റെ ജനകീയതയെ അംഗീകരിച്ച അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മുന്നണിക്കകത്താണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി.

നേരത്തേ ബിംബങ്ങളെ ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് മന്ത്രി സി.ദിവാകരന്‍ വികസന മുന്നേറ്റയാത്രയില്‍ പ്രഖ്യാപിച്ചിരുന്നു. ദിവാകരന്റെ അഭിപ്രായത്തെ പൂര്‍ണമായി അംഗീകരിക്കാന്‍ ചന്ദ്രപ്പന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.