തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും വാങ്ങിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ . ജമാ അത്തെ ഇസ് ലാമിയുമായി സി.പി.ഐ.എം നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജമാ അത്തിന്റെ മാത്രമല്ല, ആര്‍.എസ്.എസിന്റെ വോട്ടും വാങ്ങിക്കും. മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ മാത്രമേ ചര്‍ച്ച ആവശ്യമുള്ളൂ.വോട്ടു സ്വീകരിക്കുന്ന കാര്യത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജമാ അത്തെ ഇസ് ലാമി സി.പി.ഐ.എമ്മുമായി ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സി.പി.ഐ.എം ജമാഅത്തെ ബന്ധം എന്താണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

എന്നാല്‍ തങ്ങള്‍ ജമാഅത്തെ ഇസ് ലാമിയെ സമീപിച്ചിട്ടില്ലെന്നും അവരിങ്ങോട്ട് വരികയായിരുന്നു എന്നുമാണ്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതിന് മറുപടി പറഞ്ഞത്.