തിരുവനന്തപുരം: സി കെ ചന്ദ്രപ്പനെ സി പി ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. അനാരോഗ്യംമൂലം വെളിയം ഭാര്‍ഗവന്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ് ചന്ദ്രപ്പന്‍. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും എല്‍ ഡി എഫിനെ ശക്തിപ്പെടുത്താനായി പ്രയത്‌നിക്കുമെന്നും സി കെ ചന്ദ്രപ്പന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ ശക്തിവര്‍ധിപ്പിക്കാനായി കരുത്തുറ്റ നേതൃത്വം ആവശ്യമുണ്ടെന്നും ഇതിനായി സെക്രട്ടറിസ്ഥാനം കൈമാറുകയാണെന്നും വെളിയം പറഞ്ഞു. വെളിയത്തെ സെക്രട്ടറിസ്ഥാനത്തുമെന്ന് നീക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാല്‍ നേതൃമാറ്റം നടക്കാന്‍ സാധ്യതയില്ലെന്നായിരുന്നു വെളിയവും മറ്റ് നേതാക്കളും വ്യക്തമാക്കിയത്.

ചന്ദ്രപ്പനെ സെക്രട്ടറിയാക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്നും അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്ന് വെളിയം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് എ ബി ബര്‍ദാന്‍ പറഞ്ഞു.

സി.കെ ചന്ദ്രപ്പന്‍ 1936 നവംബര്‍ 11നാണ് ജനിച്ചത്. വയലാര്‍ പുന്നപ്ര സമര നായകന്‍ വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെടുന്ന സി.കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടി അമ്മയുടേയും മകനായാണ് സി.കെ ജനനം.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ ചന്ദ്രപ്പന്‍ 1956ല്‍ എ ഐ എസ് എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എ ഐ എസ് എഫിന്റെ അഖിലേന്ത്യാ പ്രസിഡന്റ്, എ ഐ വൈ എഫിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു.

നിരവധി യുവജന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം പലവട്ടം ജയില്‍വാസം അനുഷ്ഠിച്ചു. ഡല്‍ഹി തിഹാര്‍ ജയിലിലും, കല്‍ക്കത്ത പ്രസിഡന്‍സി ജയിലിലും തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഗോവ വിമോചന സമരത്തില്‍ പങ്കെടുത്തു.

1971ല്‍ തലശ്ശേരിയില്‍നിന്നും 1977ല്‍ കണ്ണൂരില്‍നിന്നും 2005ല്‍ തൃശൂരില്‍ നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ചേര്‍ത്തലയില്‍നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കെ ടി ഡിസി ചെയര്‍മാന്‍, കേരഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഹിച്ച ചന്ദ്രപ്പന്‍ ഇപ്പോള്‍ പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിംഗ് ഡയറക്ടറാണ്. അഖിലേന്ത്യാ വര്‍ക്കിംഗ് വുമന്‍സിന്റെ നേതാവ്മായ ബുലുറോയ് ചൗധരിയാണ് ഭാര്യ.