തിരുവനന്തപുരം: ഇടതുമുന്നണി വിട്ടവരെ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍. ചില പാര്‍ട്ടികള്‍ വിട്ടുപോയത് എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഇടതുപാര്‍ട്ടികള്‍ക്ക് ഒറ്റക്ക് വിജയിക്കാനാകില്ലെന്ന് വിശദീകിച്ച അദ്ദേഹം മുന്നണിയില്‍ ചെറുതും വലുതുമായ പാര്‍ട്ടികള്‍ക്ക് തുല്യസ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ടു. കേസരി സ്മാരക ട്രസ്റ്റിലെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവലിന്‍ ഉള്‍പ്പടെ എത് അഴിമതി കേസും ന്യായമായ അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് സി.പി.ഐയുടെ നിലപാട്. ഏത് അഴിമതിക്കേസും നാട്ടിലെ നിയമപരമായ വ്യവസ്ഥകളിലൂടെ കടന്നുപോകണം. പാര്‍ട്ടിയുടെ ഉന്നത നേതാക്കളായ എം.എന്‍ ഗോവിന്ദന്‍നായരും ടി.വി തോമസും മന്ത്രിമാരായിരിക്കേ ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ഈ സമീപനമാണ് സ്വീകരിച്ചത്. അഴിമതിയുടെ കാര്യത്തില്‍ അന്നുമിന്നും പാര്‍ട്ടിയുടേത് ഈ കാഴ്ചപ്പാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതന്യൂനപക്ഷങ്ങളുമായുള്ള പ്രശ്‌നങ്ങളില്‍ കൈകാര്യം ചെയ്യുമ്പോള്‍ അവരെ അധിക്ഷേപിക്കുന്നു എന്ന സമീപനം മാറ്റി ഉന്നതമായ നിലവാരം പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇടത്തരക്കാരുടെ പ്രശ്‌നങ്ങള്‍ ഇടതുമുന്നണി സര്‍ക്കാര്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ല. സമൂഹത്തിന് താഴെ തട്ടിലുളളവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയപ്പോള്‍ മധ്യവര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങള്‍ വേണ്ടത്ര പരിഗണിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതേ സമയം സര്‍ക്കാര്‍ ചെയ്ത ഒട്ടേറെ നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാത്തത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരാജയത്തിനിടയാക്കിയതെന്നും ചന്ദ്രപ്പന്‍ വിശദീകരിച്ചു.