അബിദ്ജാന്‍: ഐവറികോസ്റ്റില്‍ യു.എന്‍ അംഗീകൃത പ്രസിഡന്റ് അലാസെയ്ന്‍ ക്വട്ടാറയുടെയും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ലൊറന്റ് ബാഗ്‌ബോയുടേയും സൈന്യങ്ങള്‍ തമ്മിലുള്ള പോരാട്ടം കനക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരമുള്‍പ്പെട്ട പ്രദേശത്ത് ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്. ശനിയാഴ്ച ബാഗ്‌ബോയുടെ സൈന്യം നടത്തിയ ആക്രമണത്തില്‍ ക്വട്ടാറ സൈന്യത്തിലെ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

ഏകദേശം ആയിരത്തോളം ജനങ്ങള്‍ ഇവിടെ മരിച്ചവീണതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഡ്യൂകൗ സിറ്റിയില്‍ നിന്നാണ്. ക്വട്ടാറയുടെ നേതൃത്വത്തിലുള്ള ആളുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. മാര്‍ച്ച് 27നും 29നും ഇടയിലാണ് കൊലപാതങ്ങള്‍ നടന്നത്. ഇവിടെയുള്ള കത്തോലിക് മിഷന്റെ സംരക്ഷണത്തില്‍ 15,000ത്തോളം അഭയാര്‍ത്ഥികളുണ്ട്.

അതേ സമയം ആഭ്യന്തര യുദ്ധം ഭയന്ന് ഇവിടെനിന്നും ലക്ഷക്കണക്കിനാളുകള്‍ നാട് വിട്ട് പോകുന്നതായി യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാനത്തും, മറ്റ് പ്രദേശങ്ങളിലും നടക്കുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് അവര്‍ക്കുള്ളതെന്ന് യുഎന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് പറയുന്നു.

700,000 മുതല്‍ 10ലക്ഷം വരെയാളുകള്‍ വീട് ഉപേക്ഷിച്ചുപോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അബിദ്ജാന്‍ നഗരത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ നാടുവിട്ടത്.

തദ്ദേശവാസികല്‍ അക്രമാസക്തരാവുന്നതിനെ തുടര്‍ന്ന് ഇവിടെ മാരകായുധങ്ങള്‍ നിരോധിക്കാന്‍ യു.എന്‍ നിര്‍ബന്ധിതരായേക്കും. രക്ഷാ സമിതിയുടെ ചര്‍ച്ചയ്ക്കിടയില്‍ ഐവറികോസ്റ്റിലുണ്ടായ ഭീകരമായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്രാന്‍സ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ നിവേദനം നല്‍കിയിരുന്നു. ഐവറികോസ്റ്റിലേക്കുള്ള യാത്ര നിരോധിക്കാനും, ബാഗ്‌ബോയുടെ സ്വത്തുക്കള്‍ മരവിക്കാനും നിവേദനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.