എഡിറ്റര്‍
എഡിറ്റര്‍
ഗാസയില്‍ ഇസ്രായേല്‍ കൂട്ടക്കൊല; കുട്ടികളടക്കം 80 പേര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Monday 19th November 2012 9:38am

ഗാസ: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ബോംബാക്രമണങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം 80പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീനെതിരെയുള്ള ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബോംബാക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു.

Ads By Google

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഒരു കുടുംബത്തില്‍ നിന്ന് ഇത്രയേറെ പേര്‍ കൊല്ലപ്പെടുന്നത്. ഞായറാഴ്ച്ച നടന്ന വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൂടാതെ ആറ് കുട്ടികളുള്‍പ്പെടെ മരണസംഖ്യ 50 കടക്കുകയും 450 തോളം പേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ ഗാസയിലെ മരണ സംഖ്യ 80 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഹമാസ് ഇസ്രായേലിലും റോക്കറ്റാക്രമണം തുടരുകയാണ്. ഹമാസ് വിക്ഷേച്ച രണ്ട് റോക്കറ്റാക്രമണങ്ങളില്‍ ടെല്‍ അവീവിയ്ക്ക് നേരെയുണ്ടായ ആക്രമണം ഇസ്രായേല്‍ പ്രതിരോധിച്ചു.

ഞായറാഴ്ച്ച നടന്ന ക്യാബിനറ്റ് മീറ്റിങ്ങില്‍ ആക്രമണം വിപുലീകരിക്കുന്നതിനെ കുറിച്ചായിരുന്നു നെതന്യാഹു പറഞ്ഞത്.  ഗാസയിലെ തീവ്രവാദ കേന്ദ്രങ്ങളും ആയുധപ്പുരകളും തകര്‍ക്കുന്നതിന് ആക്രമണം ശക്തമാക്കുമെന്ന് നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ ദിവസം അല്‍ഗുദ്‌സ് ടി.വി ഓഫീസ് സ്ഥിതി ചെയ്തിരുന്ന ഷോവ, ഹൗസ്‌രി ബില്‍ഡിങ്ങുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.

റഷ്യ ടുഡേ ടി.വി. ചാനലിന്റെ ഗാസയിലെ ഓഫീസും ഹമാസിന്റെ അല്‍ അഖ്‌സ ടി.വി. ഓഫീസും ബ്രിട്ടന്റെ സൈ്ക ടി.വി.യുടെ ഓഫീസും തകര്‍ന്നതായി ചാനല്‍ അധികൃതര്‍ അറിയിച്ചു.

ഇറ്റലിയുടെ റായ്, ജര്‍മനിയുടെ എ.ആര്‍.ഡി, കുവൈത്ത് ടി.വി. എന്നിവയുടെയും ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സികളുടെയും ഓഫീസുകള്‍ക്കും കേടുപാടുപറ്റിയിട്ടുണ്ട്. എട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്.

കരയുദ്ധത്തിനുള്ള സാധ്യത ഉയര്‍ത്തിക്കൊണ്ട് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി 2000 ഓളം സൈനികരെ ഇസ്രായേല്‍ വിന്യസിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടരുന്നത്.

എന്നാല്‍ കരയുദ്ധം തുടങ്ങിയാല്‍ ഇസ്രായേലിന് അന്താരാഷ്ട്ര പിന്തുണ കുറയുമെന്ന് ബ്രിട്ടീഷ് വിദേശമന്ത്രി വില്യം ഹേഗ് പറഞ്ഞു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ഇന്ത്യയും അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഫലസ്തീന്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനുള്ള നേരിട്ടുള്ള സംഭാഷണങ്ങള്‍ തുടങ്ങണമെന്നും ഇന്ത്യ അറിയിച്ചു.

അതിനിടെ ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് അങ്ങേയറ്റം ഭയാനകവും എല്ലാവിധ യുദ്ധമര്യാദകളുടേയും ലംഘനമാണെന്ന വിമര്‍ശനവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

അറബ് ലീഗ് അധ്യക്ഷന്‍ നബീല്‍ അല് അറബി ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച്ച ഗാസ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറബ് ലീഗ് 2002 ല്‍ മാത്രമാണ് സമാധാന ചര്‍ച്ചയില്‍ അവസാനമായി തന്ത്രപരമായ ഒരു ഇടപെടല്‍ നടത്തിയിട്ടുള്ളത്.

ആക്രമണത്തില്‍ അമേരിക്കയുടെ തന്ത്രപരമായ മൗനത്തെ ഈജിപ്തും തുര്‍ക്കിയും പരസ്യമായി അപലപിച്ചിരുന്നു. ഫലസ്തീന് മേല്‍ വെടിനിര്‍ത്തലിന് സമ്മര്‍ദ്ദം ചെലുത്തന്നതോടൊപ്പം തന്നെ ഇസ്രായേല്‍ വ്യോമാക്രമണത്തെ ഇരുരാഷ്ട്രങ്ങളും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

ഹമാസിന്റെ റോക്കറ്റാക്രമണമാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്നും സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ അമേരിക്ക പിന്തുണയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ്  ബറാക് ഒബാമ പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

എന്നാല്‍, വര്‍ഷങ്ങളായി ഇസ്രായേല്‍ ഫലസ്തീനെതിരെ നടത്തുന്ന ആക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴും നടക്കുന്നത്. ബുധനാഴ്ച രാത്രി ഇസ്രായേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ജാബരി കൊല്ലപ്പെട്ടതോടെയാണ് ഏറ്റുമുട്ടല്‍ രൂക്ഷമായത്.

2009 ഓടെയാണ് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ആക്രമണം ഏറ്റവും രൂക്ഷമായത്. അതിന് മുമ്പും ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നെങ്കിലും 2008-2009 ല്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 1400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement