ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി എഫ്.എ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്നു. സിറ്റിയുടെ മിഡ്ഫീല്‍ഡര്‍ യായ ടുറേ ആണ് അമ്പത്തിരണ്ടാം മിനുറ്റില്‍ ഗോള്‍ നേടിയത്.

ഇതോടെ സീസണില്‍ മൂന്ന് കിരീടനേട്ടങ്ങള്‍ സ്വന്തമാക്കാമെന്ന യുണൈറ്റഡിന്റെ മോഹങ്ങള്‍ക്ക് പരിസമാപ്തിയായി. 30 വര്‍ഷത്തിന് ശേഷമാണ് സിറ്റി എഫ്.എ കപ്പ് ഫൈനലിന് യോഗ്യത നേടുന്നത്.

തുടക്കത്തില്‍ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും യുണൈറ്റഡിന് ഗോള്‍ കണ്ടെത്താനായില്ല. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍മാര്‍ക്ക് സംഭവിച്ച പിഴവാണ് ഗോള്‍ നേടാന്‍ ടോറെയെ സഹായിച്ചത്. റൂണിയും ജാവിയര്‍ ഹോര്‍ണോണ്ടസും ഇല്ലാതെയായിരുന്നു യുണൈറ്റഡ് കളിക്കാനിറങ്ങിയത്.