തൃശൂര്‍ : ചില വ്യവസായ സ്ഥാപനങ്ങളില്‍ യൂണിയന്‍ നടത്തുന്ന തൊഴില്‍ വില്‍പനഅംഗീകരിക്കാനാവില്ലെന്ന് സി ഐ ടി യു സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കി. സംഘടനാ ശേഷികൊണ്ട് തൊഴിലാളികള്‍ അമിതാവശ്യങ്ങള്‍ നേടിയെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

ഉത്പാദനം വര്‍ധിപ്പിക്കുന്നതില്ല പല തൊഴിലാളികള്‍ക്കും താല്‍പര്യമെന്നും മുതലാളിത്ത സ്വഭാവത്തോടെയാണ് ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. തൊഴില്‍ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് പലയിടത്തും സൃഷ്ടിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംഘടനയില്‍ മൂന്നു ലക്ഷം അംഗങ്ങള്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ത്രീ തൊഴിലാളി സംഘടനകളെ വേണ്ടത്ര മുന്നോട്ടുകൊണ്ടു പോകാന്‍ സാധിച്ചിട്ടില്ല.

പല ജില്ലാ കമ്മറ്റികളുടെയും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സി ഐ ടിയു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. സംഘടനയുടെ പ്രധാനഭാരവാഹികള്‍ ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കണമെന്നും തിരുവനന്തപുരത്ത് നേതാക്കള്‍ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സംസ്ഥാന കമ്മറ്റിയുടെ പ്രാധാന്യം നേതാക്കള്‍ കുറച്ചു കാണുന്നുവെന്നും കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം ഒരു യോഗത്തില്‍ പോലും പങ്കെടുക്കാത്ത നേതാക്കള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.