കൊച്ചി: ബി.ജെ.പി നേതാവ് എന്‍.കെ മോദന്‍ദാസിനെ പുകഴ്ത്തി സംസാരിച്ച സി.ഐ.ടി.യു സംസ്ഥാന നേതാവിനെതിരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ ചരിത്ര രചനയുടെ ഭാഗമായി ഏലൂരില്‍ നടന്ന ചരിത്ര കൂട്ടത്തിന്റെ യോഗത്തില്‍ സി.ഐ.ടി.യു നേതാവ് നടത്തിയ പരാമര്‍ശമാണ് പ്രതിഷേധത്തിന് ആധാരമായതെന്ന് മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഏലൂരിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പയ്യമ്പിള്ളി ബാലനെ ആര്‍.എസ്.എസുകാര്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചപ്പോള്‍ പയ്യമ്പിള്ളിയുടെ രക്ഷകനായെത്തിയത് മോഹന്‍ദാസായിരുന്നുവെന്നാണ് സി.ഐ.ടി.യു നേതാവ് പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിനെതിരെ പയ്യമ്പിള്ളി ബാലന്റെ സമകാലികരായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു.


Must Read:പശുസംരക്ഷകരുടെ തനിനിറം പുറത്ത്; ഗുജറാത്തിലെ അറവുശാലകളിലേക്ക് പശുക്കളെ നല്‍കുന്നത് ഗോസംരക്ഷകര്‍; പശുക്കളെ കടത്തുകയായിരുന്ന വാഹനം പൊലീസ് പിടികൂടി


പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ പ്രസ്താവനയുടെ സാധുത ചോദ്യം ചെയ്തതോടെ നേതാവ് തെറ്റുസമ്മതിക്കുകയും ചെയ്തു. സി.ഐ.ടി.യു നേതാവിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ എന്‍.കെ മോഹന്‍ദാസ് ബി.ജെ.പി പ്രസിഡന്റായ ചുമതലയേറ്റ സമയത്തു നടന്ന അനുമോദന യോഗത്തില്‍ ഇദ്ദേഹമുള്‍പ്പെടെയുള്ള സി.ഐ.ടി.യു നേതാക്കള്‍ പങ്കെടുത്ത് അദ്ദേഹത്തെ പ്രശംസിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ട് അന്ന് ഇവരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

നാലു വാല്യങ്ങളിലായാണ് പാര്‍ട്ടിയുടെ ജനകീയ ചരിത്രം പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത്. ഇതിനായി ഓരോ ഏരിയയും തങ്ങളുടെ കീഴിലുള്ള പ്രദേശത്തെ ചരിത്രം അന്വേഷിച്ചു കൊടുക്കണം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഏരിയാ തലത്തിലും ഇതിനായി സമിതിക്കു രൂപം കൊടുത്തിട്ടുണ്ട്.