ചണ്ഡിഗഡ്: സി ഐ ടി യു അഖിലേന്ത്യ പ്രസിഡന്റായി മലയാളിയായ എ കെ പത്മനാഭനെയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും തെരഞ്ഞെടുത്തു. നിലവില്‍ അഖിലേന്ത്യാ പ്രസിഡന്റായ എം കെ പന്ഥെയും സെക്രട്ടറിയായിരുന്ന മുഹമ്മദ് അമീനും സ്ഥാനങ്ങള്‍ ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ട്രഷററായി രഞ്ജന നിരുളയെയും തെരഞ്ഞെടുത്തു. ആദ്യമായാണ് ഒരു വനിത സി ഐ ടി യുവിന്റെ ട്രഷററാകുന്നത്. ചണ്ഡീഗഢില്‍ നടക്കുന്ന 13-ാം സി ഐടി യു അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

എം കെ പന്ഥെയും അമീനും വൈസ് പ്രസിഡന്റുമാരായി തുടരും. കേരളത്തില്‍നിന്ന് കെ എന്‍ രവീന്ദ്രനാഥ്, പി കെ ഗുരുദാസന്‍ , മേഴ്‌സിക്കുട്ടിയമ്മ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എം എം ലോറന്‍സ്, കെ ഒ ഹബീബ്, കെ കെ ദിവാകരന്‍ എന്നിവരെ സെക്രട്ടറിമാരുമായും തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ണാടകത്തില്‍നിന്നുള്ള മലയാളിയായ വി ജെ കെ നായരും വൈസ് പ്രസിഡന്റായി് തിരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള 30 വര്‍ക്കിങ്ങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 104പേരെ ജനറല്‍ കൗസിലിലേക്ക് തെരഞ്ഞെടുത്തു

നിലവില്‍ സി ഐ ടി യു അഖ്യലേന്ത്യ വൈസ് പ്രസിഡന്റും തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റും തമിഴ്‌നാട്ടില്‍ നിന്നുള്ള സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗവുമാണ് എ കെ പത്മനാഭന്‍ . തലശേരി സ്വദേശിയായ ഇദ്ദേഹം നിരവധി വര്‍ഷങ്ങളായി ചെന്നൈ ആസ്ഥാനമായി തൊഴിലാളി സംഘടനാരംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. ബംഗാളില്‍നിന്നുള്ള തപന്‍സെന്‍ നിലവില്‍ ദേശീയ സെക്രട്ടറിയും രാജ്യസഭാംഗവുമാണ്.