തൃശൂര്‍ : ആഗോള സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ അമേരിക്കക്കു കഴിഞ്ഞിട്ടില്ലെന്ന് സി ഐ ടിയു അഖിലേന്ത്യാ പ്രസിഡന്റ് എം കെ പാന്ഥെ. ചില ആശ്വാസ നടപടികള്‍ക്ക് മാത്രമേ അമേരിക്കക്ക് ആയിട്ടുള്ളു. ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവത്തത് മുതലാളിത്തത്തിന്റെ പരിമിതി കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
സി ഐ ടി യു 11-ാം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര സാങ്കേതിക വിദ്യകളൊന്നും ശരിയായി ഉപയോഗിക്കാന്‍ കമ്പോള സാമ്രാജ്യത്വത്തിന് ആയിട്ടില്ല. മാന്ദ്യകാലത്ത് മുതലാളിത്ത രാജ്യങ്ങള്‍ക്ക് രണ്ടു ശതമാനം വളര്‍ച്ചാ നിരക്ക് മാത്രമാണ് നേടാനായത്. നൂറു ദശലക്ഷം ടണ്‍ ഉരുക്ക് ഉത്പ്പാദിപ്പിക്കുന്ന അമേരിക്ക ഉരുക്കു വില്‍ക്കാന്‍ മറ്റു കമ്പോളങ്ങളെ ആശ്രയിക്കുമ്പോള്‍ 500 ദശലക്ഷം ടണ്‍
ഉരുക്ക് ഉത്പ്പാദിപ്പിക്കുന്ന ചൈന സ്വന്തം രാജ്യത്തു തന്നെ ഉപയോഗിക്കുന്നു. മുതലാളിത്തത്തിനെതിരായ സോഷ്യലിസത്തിന്റെ പ്രസക്തിയാണ് ഇതു കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിലക്കയറ്റത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് എം കെ പാന്ഥെ പറഞ്ഞു. ഏത് സംഘടനയില്‍പ്പെട്ടവരായാലും തൊഴിലാളികളുടെ വിപുലമായ ഐക്യനിര കെട്ടിപ്പടുക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രശ്‌നങ്ങളില്‍ യോജിച്ച പ്രക്ഷോഭം ഉയര്‍ത്തണമെന്നും അദ്ദേഹം ഉണര്‍ത്തി. മാര്‍ച്ച് അഞ്ചിന് ഒമ്പത് ട്രേഡ് യൂണിയനുകള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.

സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് തെക്കേ ഗോപുര നടയില്‍ നടക്കുന്ന സെമിനാര്‍ സി പി ഐ എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസമാണ് സമ്മേളനം.