മനാമ: ബഹറൈന്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നിരോധനം. അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് ആഭ്യന്തരമന്ത്രി ശൈഖ് റഷീദ് അല്‍ ഖലീഫ നിരോധനം ഏര്‍പ്പെടുത്തിയത്.

സുന്നി രാജവംശം ഷിയാ വിഭാഗക്കാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും രാജ്യത്ത് കൂടുതല്‍ ശക്തമായ ജനാധിപത്യം സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ടാണ് ബഹറൈനില്‍ പ്രക്ഷോഭം നടക്കുന്നത്.

Ads By Google

രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കുന്നത് വരെ നിരോധനം തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭം നടത്താനോ കൂട്ടംകൂടാനോ ഇനിമുതല്‍ സാധിക്കില്ല.

രണ്ട് വര്‍ഷത്തോളമായി നീളുന്ന പ്രക്ഷോഭത്തില്‍ ഇതുവരെയായി നൂറോളം പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഖ്യയെക്കാള്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതായാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.

നേരത്തേ 2011 ല്‍ ബഹറൈന്‍ രാജാവായ ഹമാദ് മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രക്ഷോഭം നിരോധിച്ച ഭരണകൂട നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ഷിയാ സംഘടനയായ അല്‍ വിഫാഖ് നാഷണല്‍  ഇസ്‌ലാമിക്‌ സൊസൈറ്റി വക്താവ് ഹാദി അല്‍ മുസാവി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നതെന്നും രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.