എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂളുകളില്‍ പ്രേമം ചെറുക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ പിന്‍വലിച്ചു: പുറത്തിറക്കിയത് ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമെന്ന് കലക്ടര്‍
എഡിറ്റര്‍
Wednesday 22nd February 2017 9:48am

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനികല്‍ പ്രേമബന്ധങ്ങളില്‍ അകപ്പെടാനുള്ള പ്രവണതകള്‍ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിവോടെയായിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുട്ടികള്‍ പ്രേമങ്ങളില്‍ അകപ്പെടാനുള്ള പ്രവണതകള്‍ ചെറുക്കുന്നതിന് പെണ്‍ കുട്ടികള്‍ക്ക് അവബോധം നല്‍കണമെന്ന് നിര്‍ദേശിക്കുന്നതായിരുന്ന സര്‍ക്കുലര്‍. ഇതിനായി ഹ്രസ്വചിത്രപ്രദര്‍ശനങ്ങളും ക്ലാസുകളും നടത്താനായിരുന്നു നിര്‍ദേശം.


Also Read: എന്നെക്കൊണ്ട് മൂത്രം കുടിപ്പിച്ചു, മറ്റു പ്രതികളുടെ സ്വകാര്യഭാഗങ്ങള്‍ നക്കിച്ചു: ദല്‍ഹി സ്‌ഫോടനക്കേസില്‍ കോടതി വെറുതെവിട്ട മുഹമ്മദ് റഫീഖ് പറയുന്നു  


വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയില്ലാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതു സംബന്ധിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ വിശദീകരണത്തില്‍ പൊലീസ് ഇന്റലിജന്‍സ് എ.ഡി.ജി.പി എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ച പ്രകാരമാണ് അത്തരം ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നാണ് അറിയിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിവോ, നിര്‍ദേശമോ കൂടാതെ പുറപ്പെടുവിച്ച സര്‍ക്കുലറായതിനാല്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് ഡി.പി.ഐ അറിയിച്ചു.

പ്രേമം ചെറുക്കാന്‍ മൂന്നു നിര്‍ദേശങ്ങളാണ് സര്‍ക്കുലര്‍ മുന്നോട്ടുവെച്ചിരുന്നത്. ഹൈസ്‌കൂല്‍ തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ മുഖേന ബോധവത്കരണ ക്ലാസ് നടത്തുക. അധ്യാപക രക്ഷാകര്‍തൃയോഗങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കുക. ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടുന്ന പ്രവണതകളെ ചെറുക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.

Advertisement