കൊച്ചി: ശോഭാ ജോണിനെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിച്ച സംഭവത്തില്‍ പറവൂര്‍ സി.ഐ.അബ്ദുള്‍ സലാമിനെ കേസ് അന്വേഷണത്തില്‍ നിന്നും നീക്കി. വടക്കേക്കര ജോര്‍ജ്ജ് ജോസഫാണ് ഇനി കേസ് അന്വേഷിക്കുക.

വരാപ്പുഴ പീഡനക്കേസില്‍ അറസ്റ്റിലായ ശോഭാ ജോണ്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത് വിവാദമായതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആലുവ റൂറല്‍ എസ്.പി ഹര്‍ഷിത ആലുവ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആലുവ ഡി.വൈ.എസ്.പി നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

Subscribe Us:

ശോഭ ജോണിനെ രാവിലെ പറവൂരില്‍ എത്തിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അവസരം നല്‍കിയത്. തന്നെ പോലീസ് പിടികൂടിയതല്ലെന്നും താന്‍ കീഴടങ്ങുകയായിരുന്നെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് അപ്പോള്‍ പറഞ്ഞു. കേസിലെ ഉന്നതരുടെ പേരുകള്‍ താന്‍ പുറത്തുവിടുമെന്നും ശോഭാ ജോണ്‍ ഭീഷണി മുഴക്കിയിരുന്നു.