കൊച്ചി: സര്‍വീസ് ചാര്‍ജ് മൂന്ന് രൂപ വരെ വര്‍ധിപ്പിച്ചാല്‍ സമരം ഒത്തുതീര്‍പ്പാക്കുമെന്ന് തിയ്യേറ്റര്‍ ഉടമകള്‍. നിര്‍മാതാക്കള്‍ക്കായി രണ്ടു രൂപ നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് അവര്‍ പിന്‍മാറി.

ആവശ്യങ്ങള്‍ അംഗീകരിക്കും വരെ തിയ്യേറ്റര്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Ads By Google

സംഘടന പിളര്‍പ്പിന്റെ വക്കിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സമരവുമായി ബന്ധപ്പെട്ട്  സംഘടനയില്‍ അഭിപ്രായഭിന്നത ഇല്ലെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച മന്ത്രി ഗണേഷ് കുമാറുമായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും ചര്‍ച്ച നടത്തും.

വൈദ്യുതിചാര്‍ജ് വര്‍ധിച്ച സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജ് രണ്ടില്‍ നിന്ന് അഞ്ച് രൂപയാക്കി ഉയര്‍ത്തുക, തിയറ്ററുകളില്‍ നിന്ന് സാംസ്‌കാരിക ക്ഷേമനിധി വിഹിതം പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.

കേരളത്തിലെ 70 സെന്ററുകളിലായി 360 റിലീസ് തിയറ്ററുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കില്ല. അതെസമയം ബി ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ നിന്നു വിട്ടുനില്‍ക്കും

ഷാഫിയുടെ ഹണ്‍ഡ്രഡ് ആന്റ് വണ്‍ വെഡ്ഡിംഗ്, എം.മോഹനന്റെ നയന്‍ വണ്‍ സിക്‌സ്, ജെയിംസ് ബോണ്ട് ചിത്രം സ്‌കൈഫാള്‍ എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ്  ചെയ്യാനിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലും സര്‍വീസ് ചാര്‍ജ് വിഷയത്തില്‍ മലയാളസിനിമ ബഹിഷ്‌കരിച്ച് തിയറ്ററുടമകള്‍ പ്രതിഷേധസമരം നടത്തിയിരുന്നു.