കൊലപാതകങ്ങള്‍ക്കും ഗുണ്ടായിസത്തിനും പരിശീലനം നല്‍കുന്നതില്‍ മലയാള സിനിമയ്ക്കും പങ്കുണ്ടെന്ന് നടന്‍ തിലകന്‍. നിയമം കയ്യിലെടുക്കുന്ന തരത്തിലുള്ള സിനിമകളാണ് ഇതിന് കാരണം. ഇത്തരം സിനിമകള്‍ തള്ളിക്കളയണമെന്നും തിലകന്‍ വ്യക്തമാക്കി. റാന്നിയില്‍ രൂപവത്കരിച്ച യൂത്ത് ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിലായാലും എവിടെയായാലും കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. ഗുണ്ടായിസവും വന്‍തോതില്‍ വര്‍ധിക്കുകയാണ്. പരിശീലനം ലഭിച്ചവര്‍ക്ക് ഒന്നോ രണ്ടോ ലക്ഷം കൊടുത്താല്‍ ആളിനെ കൊല്ലും – തിലകന്‍ പറഞ്ഞു.

യുവാക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന മാധ്യമമാണ് സിനിമ. 10ാം ക്ലാസുകാരനെ കൊന്നതിന് പിടിയിലായ സഹപാഠിയെ ചോദ്യം ചെയ്തപ്പോള്‍ സിനിമയില്‍ കണ്ടതാണ് പ്രചോദനമായതായി പറഞ്ഞത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ നല്ല സിനിമകള്‍ വന്നു തുടങ്ങി. കല കച്ചവടമാക്കാന്‍ കഴിയില്ല. കലാരംഗത്ത് ജീവിക്കുന്നവര്‍ക്ക് പണം ആവശ്യമാണ്. എന്നാല്‍ അത് ജീവിക്കാന്‍ വേണ്ടി മാത്രം മതി. ആര്‍ഭാടത്തിന് വേണ്ടെന്നും തിലകന്‍ വ്യക്തമാക്കി.